പരപുരുഷ ബന്ധമുണ്ടാകാതിരിക്കാന്‍ ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിച്ചു

ബംഗളുരു: അന്യപുരുഷന്‍മാര്‍ നോക്കാതിരിക്കാനും പരപുരുഷ ബന്ധമുണ്ടാകാതിരിക്കാനും ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിക്കുകയും മുഖത്ത് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ബംഗളൂരുവിലാണ് സംഭവം. ഏഴ് വര്‍ഷം മുന്‍പ് വിവാഹിതരായവരാണ് ദമ്പതിമാര്‍. ഗാര്‍ഹിക പീഡനത്തിന് ഇരയായ ഭാര്യ വനിതാ ഹെല്‍പ് ലൈനുമായി ബന്ധപ്പെട്ടപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.

ഒരു ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പുടമയാണ് മോഹന്‍, ഭാര്യ സന്ധ്യ ഒരു സ്വകാര്യകമ്പനിയിലെ ജീവനക്കാരിയാണ്(ദമ്പതികളുടെ യഥാര്‍ഥ പേരല്ലെന്ന് പൊലീസ് പറഞ്ഞു). കെജി ഹള്ളിയിലാണ് ഇരുവരും താമസം. വിവാഹം കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജോലി രാജി വയ്ക്കാന്‍ മോഹന്‍ സന്ധ്യയോട് ആവശ്യപ്പെട്ടിരുന്നു. അതിന് തയ്യാറാകാതിരുന്ന സന്ധ്യയെ മോഹന്‍ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പീഡനം സഹിയ്ക്ക വയ്യാതായപ്പോള്‍ സന്ധ്യ ജോലി രാജിവയ്ക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നു വര്‍ഷമായി മോഹന്‍ സന്ധ്യയുടെ തലമുടി ഷേവ് ചെയ്യുമായിരുന്നു. ഒപ്പം പുറത്തുപോകാതിരിക്കാന്‍ മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും അനുവാദമുണ്ടായിരുന്നില്ല. തന്റെ മുഖത്ത് നിരന്തരമായി പരിക്കേല്‍പ്പിക്കുകയും ചെയ്യുമായിരുന്നുവെന്ന് സന്ധ്യ പറയുന്നു. സന്ധ്യയുടെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ മരിച്ചുപോയതാണ്. മുത്തശ്ശിയാണ് സന്ധ്യയെ വളര്‍ത്തിയത്.

തങ്ങള്‍ കാണുമ്പോള്‍ മൂക്കിന്റെ പാലം ഒടിഞ്ഞ് കണ്ണുകള്‍ പുറത്തേക്ക് തള്ളിയ അവസ്ഥയിലായിരുന്നു സന്ധ്യയെന്ന് വനിതാ ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍ റാണി ഷെട്ടി പറഞ്ഞു. വനിതാ ഹെല്‍പ് ലൈനാണ് സംഭവം കെജി ഹള്ളി പൊലീസ് സ്റ്റേഷനില്‍ അറിയിക്കുന്നത്. നാല് വയസുള്ള ഒരു മകനും സന്ധ്യക്കുണ്ട്. ഇപ്പോള്‍ മുത്തശ്ശിയുടെ സംരക്ഷണയിലാണ് ഇരുവരും. ഇനി മോഹന്റെ കൂടെ ജീവിക്കാന്‍ താല്‍പര്യമില്ലെന്ന് സന്ധ്യ പറഞ്ഞു.

SHARE