ക്വട്ടേഷന്‍ സംഘ തലവനായി മോഹന്‍ലാല്‍ !

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ ബജറ്റിലെത്തുന്ന ‘മഹാഭാരത’ത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആരംഭിച്ചിട്ടേയുള്ളൂ. ഏറെക്കാലമായി പറഞ്ഞുകേള്‍ക്കുന്ന എംടിയുടെ ‘രണ്ടാമൂഴ’ത്തിന്റെ ചലച്ചിത്രരൂപം 1000 കോടി മുടക്കി പ്രവാസി വ്യവസായി ബി.ആര്‍.ഷെട്ടിയാണ് നിര്‍മ്മിക്കുന്നത്. എന്നാല്‍ ‘രണ്ടാമൂഴ’ത്തിന് മുന്‍പേ ‘ഒടിയന്‍’ എന്ന പേരില്‍ മറ്റൊരു ചിത്രം സംവിധാനം ചെയ്യുന്നുവെന്ന് വി.എ.ശ്രീകുമാര്‍ മേനോന്‍ നേരത്തേ പറഞ്ഞിരുന്നു. ‘മഹാഭാരതം’ പ്രോജക്ടായി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷവും ‘ഒടിയന്റെ’ കാര്യത്തില്‍ മാറ്റമൊന്നുമുണ്ടാവില്ലെന്ന് ശ്രീകുമാര്‍ മേനോന്‍ പറയുന്നു. ഒപ്പം എന്താണ് ‘ഒടിയനി’ലെ മോഹന്‍ലാല്‍ കഥാപാത്രമെന്നും. ക്ലബ്ബ് എഫ്എം യുഎഇക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം.

രണ്ടാമൂഴത്തിന് മുന്‍പേ ഒടിയന്‍ വരും. ചിത്രീകരണം ജൂലൈയില്‍ തുടങ്ങി സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തില്‍ പൂര്‍ത്തിയാവും. 6065 ദിവസത്തെ ചിത്രീകരണം. മനുഷ്യന്‍ മൃഗത്തിന്റെ വേഷം കെട്ടി, ഇരുട്ടിന്റെ മറയെ കവചമാക്കി ആളുകളെ പേടിപ്പിക്കാന്‍ ക്വട്ടേഷനെടുക്കുന്ന ഒരു സംഘമുണ്ടായിരുന്നു മുന്‍പ് തമിഴ്‌നാട്ടില്‍. അവരാണ് കേരളത്തിലേക്കെത്തുന്ന ആദ്യത്തെ ക്വട്ടേഷന്‍ സംഘം. അവരുടെ കഥയാണ് ഒടിയന്‍. ജീവിച്ചിരിക്കുന്ന അവസാനത്തെ ഒടിയനാണ് മോഹന്‍ലാലിന്റെ കഥാപാത്രം- വി.എ.ശ്രീകുമാര്‍ പറഞ്ഞു.

ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണന്റേതാണ് ഒടിയന്റെ രചന. മഞ്ജു വാര്യരാണ് നായിക. കരുത്തുറ്റ പ്രതിനായകനായി പ്രകാശ് രാജും എത്തുന്നു. സാബു സിറിളാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്. പുലിമുരുകന്റെ ഛായാഗ്രാഹകന്‍ ഷാജികുമാറാണ് ‘ഒടിയനെ’യും ക്യാമറയിലാക്കുക. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. എം.ജയചന്ദ്രന്‍ സംഗീതം.

SHARE