കുരിശു പൊളിച്ചത് അധാര്‍മ്മികമെന്ന് യുഡിഎഫ്; മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല

തിരുവനന്തപുരം: മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ സര്‍ക്കാര്‍ ഭൂമിയില്‍ കയ്യേറി നിര്‍മ്മിച്ച കുരിശു പൊളിച്ചത് അധാര്‍മ്മികമെന്ന് യുഡിഎഫ്. കുരിശ് പൊളിക്കുന്ന കാര്യത്തില്‍ അവധാനത വേണമായിരുന്നുവെന്നും ക്രൈസ്തവ വിശ്വാസികള്‍ക്ക് നടപടി മനപ്രയാസമുണ്ടാക്കിയെന്നും യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ പറഞ്ഞു. മുഖ്യമന്ത്രി കുരിശു പൊളിക്കുന്ന കാര്യം അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും പിപി തങ്കച്ചന്‍ യുഡിഎഫ് യോഗത്തിന് ശേഷം പ്രതികരിച്ചു. കയ്യേറ്റം ഒഴിപ്പിക്കണമെന്ന് തന്നെയാണ് യുഡിഎഫ് നിലപാടെന്നും എന്നാല്‍ അവധാനതയോടെ വേണമെന്നും തങ്കച്ചന്‍ പറഞ്ഞു.

കെഎം മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച കെപിസിസി പ്രസിഡന്റ് എംഎം ഹസനെതിരെ വ്യാപകമായ വിമര്‍ശനവും യുഡിഎഫ് യോഗത്തില്‍ ഉയര്‍ന്നു. മാണിയെ പിന്നാലെ പോയി വിളിക്കേണ്ട കാര്യമില്ലെന്നാണ് തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് യോഗത്തിലെ പൊതുവികാരം. പന്ത് ഇപ്പോള്‍ കെഎം മാണിയുടെ കോര്‍ട്ടിലാണെന്നും എന്ത് വേണമെന്ന് മാണിക്ക് തീരുമാനിക്കാമെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

മുന്നണിയില്‍ ആലോചിക്കാതെ മാണിയെ ക്ഷണിച്ച ഹസനെ ജെഡിയു വിമര്‍ശിച്ചു. എന്നാല്‍ മാണിയെ തിരിച്ചുവിളിച്ചിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുക മാത്രമാണ് ചെയ്തതെന്നും കെപിസിസി അധ്യക്ഷന്‍ യോഗത്തില്‍ ആവര്‍ത്തിച്ചു.

മുന്നണിയോഗത്തില്‍ സുപ്രധാനമായ പല തീരുമാനങ്ങളുമെടുക്കുകയും ചെയ്തു. ഫോര്‍വേഡ് ബ്ലോക്കിനെ യുഡിഎഫില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടു. ചെന്നിത്തലയാണ് നിര്‍ദേശം അവതരിപ്പിച്ചത്. സിഎംപി എതിര്‍ത്തെങ്കിലും ഭൂരിപക്ഷം പിന്തുണക്കുകയായിരുന്നു. ആര്‍എസ്പി വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല.

SHARE