ഐഎസില്‍ ചേര്‍ന്ന മലയാളി സജീര്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി സൂചന

കൊച്ചി: ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ (ഐ.എസ്) ചേര്‍ന്ന മലയാളികളുടെ തലവനെന്ന് കരുതുന്ന സജീര്‍ മംഗലശ്ശേരി അബ്ദുള്ള അഫ്ഗാനിസ്ഥാനിലെ നംഗാര്‍ഹര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൂചന. രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തതാണ് ഇക്കാര്യം. അഫ്ഗാനിസ്ഥാനില്‍നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നുമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇതുസംബന്ധിച്ച വിവരം ലഭിച്ചതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. അമേരിക്കയോ അഫ്ഗാനിസ്ഥാനോ ഇതുസംബന്ധിച്ച വിവരം കൈമാറിയിട്ടില്ലെന്നാണ് നയതന്ത്ര ഉദ്യോഗസ്ഥര്‍ പറയുന്നത്.
തീവ്രവാദ വിരുദ്ധ നീക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി കൈമാറേണ്ടതാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. നംഗാര്‍ഹര്‍ പ്രവിശ്യയിലെ ഷാദല്‍ ബസാര്‍ വാലിയില്‍ ഇപ്പോഴും യു.എസ് അഫ്ഗാന്‍ വ്യോമസേനകള്‍ ആക്രമണം നടത്തുകയാണെന്നും കൊല്ലപ്പെട്ടവരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്നുമാണ് അധികൃതര്‍ക്ക് ലഭിച്ചിട്ടുള്ള വിവരം.
കേരളത്തില്‍നിന്ന് അഫ്ഗാനിസ്താനിലെ ഐ.എസ് ക്യാമ്പിലേക്ക് പരിശീലത്തിനുപോയ 21 പേരെ റിക്രൂട്ട് ചെയ്തത് സജീറാണെന്ന് എന്‍.ഐ.എ നേരത്തെ കണ്ടെത്തിയിരുന്നു. എഞ്ചിനീയറിംങ് ബിരുദധാരിയും ഐടി രംഗത്തെ വിദഗ്ദനുമായിരുന്നു സജീര്‍. കോഴിക്കോട് ചെലവൂരിനടുത്ത മൂഴിക്കല്‍ ചാലിയാര്‍ കുന്ന് സ്വദേശിയാണ് എടക്കുളത്തൂര്‍ പറമ്പ് വീട്ടില്‍ സജീര്‍.
മലയാളികളടക്കമുള്ളവരെ ഐസിസിലേക്കു റിക്രൂട്ട് ചെയ്യുന്നതിനിലെ പ്രധാനിയായ സജീര്‍ തീവ്രവാദ സംഘവുമായി അടുക്കുന്നത് ദുബായില്‍ ജോലിയിലുള്ളപ്പോയാണ്. സജീര്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലാണെന്നാണ് അന്വേഷണ സംഗത്തിന്റെ നിഗമനം. നാട്ടില്‍ ആരുമായും സൗഹൃദമോ ഇടപഴക്കമോ ഇല്ലാത്ത സജീര്‍ സലഫി ആശയക്കാരനായിരുന്നു. കെ എസ് ആര്‍ ടി ഡ്രൈവറായിരുന്ന പരേതനായ ബത്തേരി സ്വദേശി അബ്ദുള്ളയുടെ മകന്‍ ഐസിസുമായി ബന്ധമുണ്ടെന്നത് ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല.
ആഗോള ഭീകര സംഘടനയായ ഐസിസുമായുള്ള മലയാളി ബന്ധം കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരുന്നു. കാസര്‍കോഡ്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നും കുട്ടികളും ദമ്പദികളുമടങ്ങുന്ന 21 അംഗ മലയാളി സംഘത്തിന്റെ തിരോധാനവും അനുബന്ധ കേസുകളും പുറത്തുവന്നതോടെയാണ് ഐസിസ് ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായത്. നാടുകടന്ന സംഘം ഐസിസ് ക്യാമ്പില്‍ എത്തിയതായും ഖിലാഫത്ത് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും കുടുംബാംഗങ്ങള്‍ക്ക് അയച്ച ശബ്ദ സന്ദേശത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഐസിസ് ആശയങ്ങള്‍ മലയാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതും റിക്രൂട്ട് ചെയ്യുന്നതും ആരെന്ന ചോദ്യം മാത്രം ബാക്കിയായിരുന്നു. ഈ സാഹചര്യത്തിലായിരു എന്‍.ഐ.എ നിരീക്ഷിച്ചിരുന്ന ഐസിസ് ബന്ധമുള്ള ചിലരെ കനകമലയില്‍ നിന്നും ഒക്ടോബര്‍ രണ്ടിന് അറസ്റ്റു ചെയ്തത്.
ഈ അറസ്‌റ്റോടെ ഇന്ത്യയിലെ ഐസിസ് പ്രചാരകരെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിക്കു ലഭിച്ചു. തുടര്‍ന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഐസിസ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കുകയുണ്ടായി. ഇതിന്റെ ഭാഗമായിരുന്നു ഐസിസ് കേസിലെ സുബ്ഹാനി മൊയ്തീന്‍ ഹാജയുടെ അറസ്റ്റ്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഐസിസ് കേസുമായി ബന്ധപ്പെട്ടായിരുന്നു കോഴിക്കോട്ടുകാരന്‍ സജീര്‍ അബ്ദുള്ളക്കെതിരെയുള്ള അന്വേഷണവും. മാത്രമല്ല, സജീര്‍ നേരത്തേ എന്‍.ഐ.എയുടെ നിരീക്ഷണ ലിസ്റ്റിലുള്ളയാളാണ്. സമീര്‍ അലി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഐസിസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും വേറെയും ചില വ്യാജ ഐഡികളിലൂടെ മലയാളികള്‍ക്ക് ഐസിസ് ആശയങ്ങള്‍ അയച്ചതുമാണ് സജീറിനു മേല്‍ എന്‍.ഐ.എ നിരീക്ഷണം ശക്തമാക്കാന്‍ ഇടയാക്കിയത്.
ഐസിസിന്റെ മലയാളം വെബ്‌സൈറ്റായ അല്‍മുഹാജിറൂന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതില്‍ ഒരാള്‍ സജീര്‍ ആണെന്നും എന്‍.ഐ.എ കണ്ടെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന സജീര്‍ റൈറ്റ് തിങ്കേഴ്‌സ്, ഫ്രീ തിങ്കേഴ്‌സ്, എസ്.ഡി.പിഐ കേരളം തുടങ്ങിയ ഫേസ്ബുക്ക് ഗ്രൂപ്പുകളിലും അംഗമായിരുന്നു. റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പ് 2014 ഒക്ടോബറില്‍ യുഎയില്‍ സംഘടിപ്പിച്ച മീറ്റില്‍ സജീര്‍ പങ്കെടുത്തിരുന്നു. സജീറുമായി ബന്ധമുള്ള ചില ഫേസ്ബുക്ക് ഐഡികള്‍ ഇപ്പോഴും അന്വേഷണ ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു വരികയാണ്. ഇതില്‍ പലരും ഇപ്പോഴും സജീറുമായി ബന്ധം തുടരുന്നുണ്ട്. ഇതില്‍ എന്‍.ഐ.എയുടെ നിരീക്ഷണ വലയത്തില്‍ നേരത്തെയുള്ളവരുമുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സ്വന്തം പേരിലുള്ള അക്കൗണ്ട് ഡിലീറ്റ് ചെയ്ത ശേഷം വ്യാജ അക്കൗണ്ടുകളില്‍ എത്തിയാണ് സജീര്‍ ഐസിസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും കൈമാറുകയും ചെയ്തിരുന്നത്.
ആരോടും സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നെന്നും അസാമാന്യ ബുദ്ധി വൈഭവമുള്ളയാളാണെന്നുമാണ് ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും സജീറിനെ കുറിച്ചു പറയാനുള്ളത്. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ പിതാവിന്റെ വീട്ടിലായിരുന്നു സജീറിന്റെ ചെറുപ്പകാലം. പത്താംക്ലാസ് വരെ ഇവിടെയായിരുന്നു പഠനം. പിന്നീട് കോഴിക്കോട് ചെലവൂരിലെ ഉമ്മയുടെ തറവാടു വീട്ടിലായിരുന്നു താമസം. പത്തിലും പ്ലസ് ടുവിലും നല്ല മാര്‍ക്കോടു കൂടി വിജയിച്ച സജീര്‍ മുക്കം ചാത്തമംഗലം എന്‍.ഐ.ടിയില്‍ തുടര്‍ പഠനം നടത്തി. 19982002 ബാച്ചിലാണ് ഇവിടെ നിന്നും സിവില്‍ എഞ്ചിനീയറിംങ് പഠനം പൂര്‍ത്തിയാക്കുന്നത്. പഠനകാലത്തു തന്നെ ഐടി, എഞ്ചിനീയറിംങ് മേഖലഖളില്‍ കഴിവ് തെളിയിച്ചിരുന്നു. എഞ്ചിനീയറിംങിലും ഐടിയിലും സാധ്യതകളേറെയുണ്ടായിരുന്ന കാലത്ത് സജീറിനു ജോലിക്കായി അലയേണ്ടി വന്നിരുന്നില്ല. പഠനകാലത്തു തന്നെ പാഠ്യവിഷയത്തില്‍ വൈദഗ്ധ്യം തെളിയിച്ച സജീറിനെ റാഞ്ചാനായി സ്ഥാപനങ്ങള്‍ കാമ്പസില്‍ വരെ എത്തിയിരുന്നു. പഠിച്ചിറങ്ങിയ ശേഷം ദുബായിലെ കമ്പനിയില്‍ ജോലി ലഭിച്ചതോടെയാണ് പ്രവാസ ജീവിതത്തിന് തുടക്കമിട്ടതും പിന്നീട് അപായമേഖലയിലെത്തപ്പെട്ടതും.
2004ല്‍ കോഴിക്കോട് നിന്നും പാസ്‌പോര്‍ട്ട് എടുത്തതായി രേഖകളില്‍ നിന്നും വ്യക്തമാണ്. ഗള്‍ഫില്‍ ജോലിയില്‍ പ്രവേശിച്ചതോടെ സജീറിലായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. ഇതിനിടെ പിതാവ് മരണപ്പെട്ടു. സ്വന്തമായി വീടും സ്ഥലവും വാങ്ങി താമസം ചെലവൂരില്‍ നിന്നും അടുത്ത പ്രദേശമായ ചാലിയാര്‍ കുന്നിലേക്കു മാറ്റി. തരക്കേടില്ലാത്ത ജോലിയുമായി സജീര്‍ മുന്നോട്ടു പോയി. യുഎയില്‍ കമ്പനി വക കാറും സെക്രട്ടറിയും ഉയര്‍ന്ന ശമ്പളവുമെല്ലാമായി ജീവിച്ചു. ദുബായിലെ ജോലിക്കിടെയാണ് തീവ്രവാദ സംഘവുമായി സജീര്‍ ബന്ധം സ്ഥാപിച്ചതെന്നാണ് നിഗമനം. ഓണ്‍ലൈന്‍ വഴിയുള്ള ഖുര്‍ആന്‍ ഹദീസ് പഠനങ്ങളും ഐസിസ് സംഘങ്ങളുമായുള്ള നിരന്തര ഓണ്‍ലൈന്‍ ബന്ധവുമാണ് ഇത്തരം ആശയങ്ങളിലേക്കു എത്തിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

SHARE