കുരിശ് പൊളിച്ച് മാറ്റിയതിന് പിന്നില്‍ സംഘപരിവാര്‍ അജന്‍ഡയെന്ന ആരോപണവുമായി ദേശാഭിമാനി

മൂന്നാര്‍: കുരിശ് പൊളിച്ച് മാറ്റിയതിന് പിന്നില്‍ സംഘപരിവാര്‍ അജന്‍ഡയെന്ന ആരോപണവുമായി ദേശാഭിമാനി. മൂന്നാര്‍ വിവാദങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാര്‍ അജന്‍ഡയുണ്ടെന്ന തുടക്കം മുതല്‍ ബലപ്പെട്ടിരുന്ന സംശയം ശരിയിലേക്ക് വഴിമാറുന്നെന്നാണ് സിപിഐ(എം) മുഖപത്രത്തിന്റെ കണ്ടെത്തല്‍.

കയ്യേറ്റമൊഴുപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ ഹിന്ദുത്വ അജന്‍ഡയുടെ വക്താക്കളുടെ കൈയിലെ ഉപകരമായെന്ന ആക്ഷേപം മൂന്നാറില്‍ തന്നെ ഉയര്‍ന്നുവരുന്നതായും പത്രം ആരോപിക്കുന്നുണ്ട്. ദേശാഭിമാനിയുടെ 13ാം പേജിലാണ് ‘കുരിശ് പൊളിക്കലിന് പിന്നില്‍ സംഘപരിവാര്‍ അജന്‍ഡ എന്ന തലക്കെട്ടോടെ വാര്‍ത്ത വന്നിരിക്കുന്നത്.

കളം മൂപ്പിച്ചത് കേന്ദ്രമന്ത്രിമാരാണെന്നും വാര്‍ത്തയിലുണ്ട്. കേന്ദ്രഅഭ്യന്തരമന്ത്രി കയേറ്റം പരിശോധിക്കാന്‍ നടത്തിയനീക്കം യാദൃശ്ചികമല്ല. സിപിഐ(എം) നേതാക്കളുടെ പേരില്‍ ആന്വേഷണമാവശ്യപ്പെട്ട് രാജ്‌നാഥ് സിങ്ങിന് നിവേദനം നല്‍കിയതിന് ഈ തിരക്കഥയുടെ ഭാഗമാണ്. ആര്‍എസ്എസ്ബിജെപി ബന്ധമുള്ള ഉദ്യോഗസ്ഥ മേധാവികളെ വെച്ച് കരുക്കള്‍ നീക്കിയതായും ദേശാഭിമാനി പറയുന്നു.

ഒരു കോണ്‍ഗ്രസ് എംഎല്‍എ സംഘപരിവാറിനും ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്ന വാര്‍ത്തകളുള്ളതായും ആരോപിക്കുന്നുണ്ട്. ഈ കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യ കുടുംബവും റവന്യു ഉദ്യോഗസ്ഥനും ബന്ധുക്കാരാണ് എന്നൊരു കണ്ടെത്തലും ദേശാഭിമാനി നടത്തിയിട്ടുണ്ട്. സിപിഐഎമ്മിനെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാര്‍ ബന്ധങ്ങളാണ്. കുരിശ് ജെസിബികൊണ്ട് ഇടിച്ചുതകര്‍ക്കുന്ന ചിത്രം രാജ്യത്താകെ പ്രദര്‍ശിപ്പാനായിരുന്നു ഉദ്ദേശം. ഇതിനായി സംഘപരിവാര്‍ ചാനലുകളെയും കൂട്ടിപ്പോയത് വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നും ആരോപിക്കുന്നു.

SHARE