ഒഴിപ്പിക്കലുമായി മുന്നോട്ട് പോകും; മുഖ്യമന്ത്രിക്ക് മറുപടി പറയുന്നത് ശരിയല്ല; മൂന്നാറില്‍ നടന്നത് സ്വാഭാവിക നടപടി മാത്രമെന്ന് റവന്യു മന്ത്രി

തിരുവനന്തപുരം: മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി മുന്നോട്ട് പോകുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. മുന്നാര്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച കുരിശും കെട്ടിടങ്ങളും പൊളിച്ചുമാറ്റിയ നടപടി സ്വാഭാവികമാണെന്നും റവന്യു മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്ക് മറുപടി പറയുന്നത് ശരിയല്ല. കയ്യേറ്റത്തിനെതിരെ റവന്യു വകുപ്പ് ശക്തമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കയ്യേറ്റമായിരുന്ന കുരിശു നീക്കം ചെയ്തതിനെതിരെ മുഖ്യമന്ത്രി രംഗത്ത് വന്നതോടെയാണ് വിശദീകരണവുമായി റവന്യു മന്ത്രി രംഗത്തുവന്നത്. മൂന്നാറില്‍ നടക്കുന്നത് സ്വാഭാവിക നടപടിയാണ്, അതുമായി മുന്നോട്ട് പോകും. മുഖ്യമന്ത്രി പറഞ്ഞതിന് താന്‍ മറുപടി പറയുന്നില്ല, മറുപടി പറയുന്നത് ശരിയുമല്ലെന്നും റവന്യു മന്ത്രി പറഞ്ഞു.

കുരിശും കെട്ടിടങ്ങളും പൊളിച്ചുമാറ്റിയതിനെ രൂക്ഷമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. ആരോട് ചോദിച്ചിട്ടാണ് കുരിശില്‍ തൊട്ടതെന്നും സര്‍ക്കാരുള്ള കാര്യം ഓര്‍ക്കാതിരുന്നതെന്തെന്നും മുഖ്യമന്ത്രി ചോദിച്ചു.

മഹാകയ്യേറ്റം എന്ന നിലയില്‍ ഭീകരമായ ഒഴിപ്പിക്കലാണ് നടന്നത്. അനാവശ്യമായ ഒരു വികാരം സൃഷ്ടിക്കലാണ് ഇതിന് പിന്നിലെ ഉദ്ദേശം. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കുരിശിനെതിരെ യുദ്ധം നടത്തുന്ന ഒരു സര്‍ക്കാരാണ് എന്ന പ്രതീതി ഉണ്ടാക്കലല്ലേ ഇതിന് പിന്നിലെന്നും പിണറായി ചോദിച്ചു. ജില്ലാ ഭരണകൂടത്തെ വിളിച്ച് മുഖ്യമന്ത്രി ശാസിച്ചിരുന്നു. അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

ഇടുക്കി കളക്ടറേയും സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനേയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടുക്കിയിലെ പട്ടയ വിഷയം ചര്‍ച്ച ചെയ്യുന്നതിനുള്ള യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ലക്ഷ്മി മേഖലയിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ നീക്കം.

സൂര്യനെല്ലി, പാപ്പാത്തിചോല എന്നിവിടങ്ങളിലെ കയ്യേറ്റങ്ങളാണ് ദേവികുളം അഡീഷണല്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുളള വന്‍ സംഘം ഇന്നലെ രാവിലെ മുതല്‍ ഒഴിപ്പിച്ചത്. വഴിയിലുടനീളം ഉദ്യോഗസ്ഥരെ തടയാനായുളള ശ്രമങ്ങള്‍ നടന്നു. മാര്‍ഗതടസമുണ്ടാക്കാനായി വഴിയില്‍ വാഹനങ്ങള്‍ കൊണ്ടിട്ടിരുന്നു. ജെസിബി ഉപയോഗിച്ച് വഴിയിലുണ്ടായിരുന്ന വാഹനങ്ങള്‍ മാറ്റിയതിന് ശേഷമാണ് സംഘം മുന്നോട്ട് നീങ്ങിയത്.

SHARE