ലയനം; ഉപാധികള്‍ വച്ച് ഒ. പനീര്‍ സെല്‍വം ക്യാമ്പ്

ചെന്നൈ: പാര്‍ട്ടി ഔദ്യോഗിക വിഭാഗവുമായി ലയിക്കുന്നതിന് ഉപാധികള്‍ മുന്നോട്ട് വച്ച് ഒ. പനീര്‍ സെല്‍വം വിഭാഗം. രണ്ട് ഉപാധികളാണ് ഒ.പി.എസ് ക്യാമ്പ് മുന്നോട്ട് വച്ചിരിക്കുന്നത്. വി.കെ ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക, ജയലളിതയുടെ മരണം അന്വേഷിക്കുക എന്നീ ഉപാധികളാണ് ഒ.പി.എസ് ക്യാമ്പ് മുന്നോട്ട് വച്ചിരിക്കുന്നത്. പനീര്‍സെല്‍വം നേതൃത്വം നല്‍കുന്ന എ.ഐ.എ.ഡി.എം.കെ (പുരട്ചി തലൈവി അമ്മ) വിഭാഗവും ഒദ്യോഗിക വിഭാഗമായ എ.ഐ.എ.ഡി.എം.കെ (അമ്മ) വിഭാഗവും തമ്മിലുള്ള ലയന ചര്‍ച്ചയ്ക്കാണ് ഒ.പി.എസ് ഉപാധി വച്ചത്.

വി.കെ ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ടി.ടി.വി ദിനകരന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമാണെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്നും പനീര്‍സെല്‍വം വിഭാഗം ആവശ്യപ്പെട്ടു. ജയലളിതയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കണമെന്നതാണ് രണ്ടാമത്തെ നിബന്ധന. ഒ.പി.എസ് വിഭാഗം നേതാവ് കെ.പി മുനുസ്വാമിയാണ് ഉപാധികള്‍ മുന്നോട്ട് വച്ചത്.

ജയലളിതയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന നിലപാടില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് മുനുസ്വാമി വ്യക്തമാക്കി. സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചാല്‍ മാത്രമേ ചര്‍ച്ചകളോട് സഹകരിക്കൂ എന്നും മുനുസ്വാമി കൂട്ടിച്ചേര്‍ത്തു. പളനിസ്വാമി മുഖ്യമന്ത്രിയായി തുടരുമെന്നും പനീര്‍സെല്‍വം ക്യാമ്പിന്റെ സമ്മര്‍ദ്ദഫലമായല്ല ശശികലയെയും കുടുംബാംഗങ്ങളെയും പുറത്താക്കിയതെന്നും ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈയും മന്ത്രി ഡി. ജയകുമാറും വ്യക്തമാക്കിയിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് പനീര്‍സെല്‍വം ക്യാമ്പ് ഉപാധികള്‍ മുന്നോട്ട് വച്ചത്.

SHARE