പൊളിച്ചടുക്കേണ്ട, ഏറ്റെടുത്ത് ബോര്‍ഡ് വച്ചാല്‍ മതി; മൂന്നാര്‍ കൈയേറ്റത്തിനെതിരേയുള്ള നടപടികളില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി

തിരുവനന്തപുരം: മൂന്നാറില്‍ കുരിശു പൊളിച്ച നടപടിയില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ ജില്ലാ ഭരണകൂടം കുറെക്കൂടി ജാഗ്രതയും ശ്രദ്ധയും കാണിക്കണമായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി ജില്ലാ കളക്ടറെ വിളിച്ച് ശാസിച്ചതായാണ് റിപ്പോര്‍ട്ട്. മൂന്നാര്‍ വിഷയം കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രതക്കുറവുണ്ടായെന്നും ഒഴിപ്പിക്കല്‍ നടപടികളില്‍ കൂടിയാലോചന വേണമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഭൂമിയെന്ന് ഉറപ്പുണ്ടെങ്കില്‍ അക്കാര്യം കാണിച്ച് ഭൂമിയില്‍ ബോര്‍ഡ് വെച്ചാല്‍ മതിയായിരുന്നെന്നും മുഖ്യമന്ത്രി കളക്ടറോട് വ്യക്തമാക്കി.
പൊളിക്കലല്ല സര്‍ക്കാര്‍ നയം. ഏറ്റെടുത്താല്‍ മതിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്
മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയം സംബന്ധിച്ച് നാളെ മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്.

SHARE