ഉമ്മന്‍ചാണ്ടി നിലപാടില്‍ ഉറച്ചുതന്നെ.., കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കില്ല, ഇത് മുന്‍പേ എടുത്ത തീരുമാനം, മാറ്റേണ്ട സാഹചര്യമില്ല

ന്യൂഡല്‍ഹി: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി ന്യൂഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം നിലപാട് ആവര്‍ത്തിച്ചത്. താന്‍ മുന്‍പെടുത്ത തീരുമാനം മാറ്റേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രവര്‍ത്തന രംഗത്തുനിന്ന് താന്‍ മാറിനില്‍ക്കില്ല. ഏതെങ്കിലും സ്ഥാനം സ്വീകരിച്ച് പ്രവര്‍ത്തിക്കേണ്ടന്നാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി അനുകൂലമാകാത്ത സാഹചര്യത്തിലെടുത്ത തീരുമാനമാണത്. ഹൈക്കമാന്‍ഡിനെ അറിയിച്ചശേഷം ഹൈക്കമാന്‍ഡിന്റെ അനുമതിയോടെയാണ് ഈ തീരുമാനമെടുത്തത്.
തീരുമാനം മാറ്റണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെടുകയുമില്ല. കെ.പി.സി.സി പ്രസിഡന്റിനെ നിയമിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. എല്ലാവര്‍ക്കും അഭിപ്രായം അറിയിക്കാം. എല്ലാ കാര്യങ്ങളും പരിഗണിച്ച് ഹൈക്കമാന്‍ഡില്‍നിന്ന് തീരുമാനമുണ്ടാകും. തീരുമാനം താന്‍ അംഗീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കെ.പി.സി.സി അധ്യക്ഷനെ നിയമിക്കുന്നത് സംബന്ധിച്ച നിലപാട് ആരായാനാണ് ഉമ്മന്‍ചാണ്ടിയുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. വി.എം സുധീരനുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

SHARE