കളി ലാലേട്ടനോട് വേണ്ടെന്ന് മല്ലു ഹാക്കേഴ്‌സ്;കെആര്‍കെയുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് മല്ലു ഹാക്കര്‍മാര്‍

രണ്ടാമൂഴത്തില്‍ ഭീമനാവാന്‍ ഒരുങ്ങുന്ന മോഹന്‍ലാലിനെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ബോളിവുഡ് സിനിമാ നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാനെതിരെയുള്ള സൈബര്‍ ആക്രമണം തുടങ്ങിക്കഴിഞ്ഞതായി കമ്പ്യൂട്ടര്‍ ഹാക്കര്‍മാരുടെ കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിന്നുള്ള മികച്ച ഹാക്കര്‍മാര്‍ ഈ ഉദ്യമത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും കെആര്‍കെയുടെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ ഇമെയില്‍ വിവരങ്ങള്‍ കണ്ടുപിടിച്ച് കഴിഞ്ഞുവെന്നും സൈബര്‍ സോള്‍ജ്യേഴ്‌സ് അവകാശപ്പെടുന്നു. മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ഈ യുദ്ധപ്രഖ്യാപനം നടത്തിയത്.
ഇമെയില്‍ അഡ്രസ് കണ്ടെത്തിയ വിവരം കെആര്‍കെയെ അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ മറുപടി ലഭിച്ചില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കൂടുതല്‍ തെളിവിനായി ലോഗിന്‍ വിവരങ്ങളും കൈമാറിയിട്ടുണ്ട്.
കെആര്‍കെയ്‌ക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങാന്‍ തീരുമാനിച്ചു കഴിഞ്ഞു. അയാളുടെ പ്രധാന വരുമാനമാര്‍ഗമായ ഗൂഗിള്‍ ആഡ്‌സെന്‍ഡ് അക്കൗണ്ടും പൂട്ടിക്കും. പരസ്യത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തെക്കുറിച്ച് നിങ്ങള്‍ മറന്നേക്കു സൈബര്‍ സോള്‍ജ്യേഴ്‌സ് പറഞ്ഞു.
എംടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവല്‍ രണ്ടാമൂഴത്തെ ആസ്പദമാക്കി ഒരുക്കുന്ന മഹാഭാരതം സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് തൊട്ടു പിറകെയാണ് കെആര്‍കെ മോഹന്‍ലാലിനെ പരിഹസിച്ച് രംഗത്തെത്തിയത്. പ്രശസ്ത പരസ്യ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മോഹന്‍ലാല്‍ ചോട്ടാഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും പിന്നെ എങ്ങിനെയാണ് ഭീമനെ അവതരിപ്പിക്കുക എന്നുമായിരുന്നു കെആര്‍കെയുടെ വിവാദ ട്വീറ്റ്. തുടര്‍ന്നാണ് ട്വിറ്ററില്‍ കെആര്‍കെക്കെതിരെ ശക്തമായ ആക്രമണം മലയാളികള്‍ അഴിച്ചുവിട്ടത്.

SHARE