ബി.എസ്.എഫ് ജവാന്‍മാരുടെ ദുരവസ്ഥ പുറത്തറിയിച്ച സൈനികനെ പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ക്ക് മതിയായ ഭക്ഷണം നല്‍കാതെ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുന്ന കാര്യം വീഡിയോയിലൂടെ പുറത്തുവിട്ട ബി.എസ്.എഫ് ജവാനെ പിരിച്ചു വിട്ടു. സോഷ്യല്‍ മീഡിയയിലൂടെ ജവാന്‍മാര്‍ അനുഭവിക്കുന്ന ദുരവസ്ഥ പുറത്തറിയിച്ച തേജ് ബഹാദൂര്‍ യാദവ് എന്ന ജവാനെ പിരിച്ചു വിട്ടതായി ബി.എസ്.എഫ് അറിയിച്ചു.
അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ക്ക് മതിയായ ഭക്ഷണം നല്‍കുന്നില്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുകയാണെന്നുമാണ് ജവാന്‍ തേജ് ബഹാദൂര്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ ആരോപിച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും വ്യാപക വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. തുടര്‍ന്ന്, പ്രധാനമന്ത്രിയുടെ ഓഫീസ് സംഭവത്തെക്കുറിച്ച് ബി.എസ്.എഫിനോട് റിപ്പോര്‍ട്ട് തേടി.
ഇതിനു ശേഷം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് പിരിച്ചുവിടല്‍ നടപടിയെന്ന് ബിഎസ്.എഫ് പത്രക്കുറിപ്പില്‍ അറിയിച്ചു. ജവാന്റെ ആരോപണം തെറ്റാണെന്ന് അന്വേഷണത്തില്‍ ബോധ്യമായതായി പത്രക്കുറിപ്പില്‍ പറയുന്നു. ബിഎസ്.എഫ് നിയമങ്ങള്‍ ലംഘിച്ചു, അച്ചടക്കലംഘനം നടത്തി, വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ഇയാള്‍ ചെയ്തതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടല്‍ നടപടിയെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
സൈനികര്‍ക്കുള്ള ഭക്ഷ്യ വസ്തുക്കള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മറിച്ചു വില്‍ക്കുന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് തേജ് ബഹാദൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത്. എന്നാല്‍ തേജ് ബഹാദൂര്‍ യാദവ് അമിത മദ്യാസക്തിക്ക് അടിമയാണെന്നും അദ്ദേഹത്തിന് മാനസിക പ്രശ്‌നമുണ്ടെന്നുമായിരുന്നു ബി.എസ്.എഫ് തുടക്കത്തിലേ പ്രതികരിച്ചത്. നിരവധി തവണ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ബി.എസ്.എഫ് ആരോപിച്ചു.
എന്നാല്‍ മാനസിക പ്രശ്‌നമുണ്ടെങ്കില്‍ എന്തിനാണ് അദേഹത്തെ അതീവ സുരക്ഷാ പ്രാധാന്യമുള്ള അതിര്‍ത്തിയിലേക്ക് അയച്ചതെന്ന് ഇദ്ദേഹത്തിന്റെ ഭാര്യ പരസ്യമായി ചോദ്യം ഉന്നയിച്ചിരുന്നു. തങ്ങളുടെ മകനെയും സൈന്യത്തില്‍ ചേര്‍ക്കണമെന്നായിരുന്നു ആഗ്രഹം. ഇപ്പോള്‍ അത് മാറി. സൈന്യത്തില്‍ ചേരാനില്ലെന്ന് മകന്‍ പോലും ഇപ്പോള്‍ പറഞ്ഞുതുടങ്ങി. ഇനി ഒരിക്കലും അവനെ സൈന്യത്തില്‍ ചേര്‍ക്കില്ലെന്നും തേജ് ബഹാദൂറിന്റെ ഭാര്യ ഷര്‍മ്മിള പറഞ്ഞിരുന്നു.

SHARE