മഡോണക്കെതിരെ തമിഴ് സിനിമ ലോകം

പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നായികയാണ് മഡോണ സെബാസ്റ്റ്യന്‍. ഇപ്പോള്‍ മലയാളത്തില്‍ കൂടാതെ അന്യഭാഷയില്‍ നിന്നും ഒത്തിരി ഓഫറുകളാണ് മഡോണയെ തേടിയെത്തുന്നത്. നടിയോട് ആരാധകര്‍ക്കുള്ള പ്രത്യേക സ്‌നേഹം കണക്കിലെടുത്താണ് മഡോണയ്ക്ക് ഇടവേളകളില്ലാതെ ഓഫറുകള്‍ വരുന്നത്.
മലയാളം വിട്ട് തമിഴിലേക്ക് ചേക്കേറിയ താരത്തിന് അവിടെയും മികച്ച സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുകയാണ്. നടി ഇപ്പോള്‍ അഹങ്കാരത്തിന്റെ പരകോടിയിലാണെന്നാണ് തമിഴ് സിനിമലോകത്തിന്റെ പ്രധാന പരാതി. തമിഴ് മാധ്യമങ്ങളും ഈ വാര്‍ത്തയ്ക്കു വലിയ പ്രാധാന്യമാണ് നല്കിയിരിക്കുന്നത്.
വലിയ തലക്കനമാണത്രെ സെറ്റില്‍ മഡോണ സെബാസ്റ്റ്യന്. ആരോടും സംസാരിക്കില്ല. സംസാരിച്ചാലും പരുക്കന്‍ സ്വഭാവം. ഒന്നിലും പങ്കാളിയാകില്ല. തന്റെ ഭാഗം ചിത്രീകരിച്ച് കഴിഞ്ഞാല്‍ മാറി ഇരിക്കുക. സഹകരണ സ്വഭാവം നടിയുടെ ഭാഗത്ത് നിന്നില്ല എന്നൊക്കെയാണ് നടിക്കെതിരെയുള്ള ആരോപണങ്ങള്‍.
ഇതിനിടെ മഡോണ പ്രതിഫലം ഉയര്‍ത്തിയതാണ് പുതിയ വിഷയം. ധനുഷ്, വിജയ് സേതുപതി തുടങ്ങിയവരെ പോലുള്ള മുന്‍നിര നായകന്മാര്‍ക്കൊപ്പമാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത് അതിനാല്‍ ഇനിയും അത്തരം മുന്‍നിര താരങ്ങള്‍ക്കൊപ്പം മാത്രമേ അഭിനയിക്കൂ, അതിന് തനിക്ക് പ്രതിഫലം കൂടുതല്‍ വേണം എന്നൊക്കെയാണത്രെ നടിയുടെ ഡിമാന്‍ഡ്.
പ്രേമത്തിന് ശേഷം മലയാളത്തില്‍ ദിലീപിന്റെ നായികയായി കിങ് ലയര്‍ എന്ന ചിത്രത്തിലെത്തി. തമിഴില്‍ കാതലും കടന്ത് പോകും, കവന്‍, പവര്‍ പാണ്ടി എന്നീ ചിത്രങ്ങളും ചെയ്തു. ഇപ്പോള്‍ ഹ്യൂമണ്‍സ് ഓഫ് സംവണ്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി.

SHARE