അമേരിക്കന്‍ ആക്രമണത്തില്‍ ഇന്ത്യയ്ക്കാരായ 13 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാറില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ ഇന്ത്യക്കാരായ 13 ഐ.എസ് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്, എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് എന്‍ഐഎ വ്യക്തമാക്കി. ആക്രമണത്തില്‍ അഞ്ചിലേറെ മലയാളി ഐ.എസ്. ഭീകരര്‍ കൊല്ലപ്പെട്ടതായി മുമ്പ് തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അമേരിക്കന്‍ ആക്രമണം നടക്കുന്ന സമയത്ത് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ നാംഗര്‍ഹാറില്‍ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി എന്‍.ഐ.എ. ഇന്റര്‍പോളിന്റെ സഹായംതേടിയിട്ടുണ്ട്. കേരളത്തില്‍ നിന്നും കാണാതായവര്‍ ഉള്‍പ്പെടെ ചെന്നെത്തി എന്ന് കരുതപ്പെടുന്ന സ്ഥലമാണ് നംഗര്‍ഹാര്‍, എന്നാല്‍ ആക്രമണത്തിന് ശേഷം ഇവരെ സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല, ഇന്നലെയാണ് ഒരു അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി ആക്രമണത്തില്‍ ഐഎസില്‍ ചേരാന്‍ പോയ 13 ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത്.
മേഖലയിലെ ഐഎസ് കമാന്‍ഡര്‍മാരായിരുന്ന മുഹമ്മദ്. അല്ലാ ഗുപ്ത എന്നിവര്‍ ഇന്ത്യക്കാരായിരുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ജിബിയു43 ബി ഉപയോഗിച്ച് അഫ്ഗാനിലെ നംഗര്‍ഹാര്‍ മേഖലയിലെ ഐഎസ് ക്യാമ്പില്‍ അമേരിക്ക ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 90 ലേറെ ഭീകരര്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാന്‍ സ്ഥിരീകരിച്ചിരുന്നു.

SHARE