അഫ്രീദിയുടെ വിടവാങ്ങല്‍ അവിസ്മരണീയമാക്കി ഇന്ത്യന്‍ ടീം

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം എന്നും വീറും വാശിയും നിറഞ്ഞതാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ കളത്തിന് പുറത്ത് ഈ വീറും വാശിയുമില്ല. എപ്പോഴും സൗഹൃദത്തിലാണ് ഇരുടീമുകളുടെയും കളിക്കാര്‍. പാക് താരം ഷാഹിദ് അഫ്രീദിയുടെ വിരമിക്കല്‍ സമയത്തും ഈ സൗഹൃദം ഇന്ത്യന്‍ ടീം കാണിച്ചു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ 18-ാം നമ്പര്‍ ജഴ്‌സി അഫ്രീദിക്ക് നല്‍കിയാണ് താരത്തിന്റെ വിടവാങ്ങല്‍ ഇന്ത്യന്‍ ടീം അവിസ്മരണീയമാക്കിയത്. ഈ ജഴ്‌സിയില്‍ ഇന്ത്യന്‍ ടീമംഗങ്ങളെല്ലാം ഒപ്പിട്ടിരുന്നു. ”ഷാഹിദ് ഭായ്, എല്ലാവിധ ആശംസകളും, നിങ്ങള്‍ക്കെതിരെ കളിക്കുന്നത് എപ്പോഴും ആനന്ദം നല്‍കുന്നതാണ്”ജഴ്‌സിയില്‍ കോലി തന്റെ കൈയക്ഷരത്തില്‍ ഇങ്ങനെ എഴുതിരിയിരുന്നു.
ഈ ജഴ്‌സിയുടെ ചിത്രം ഒരു പാകിസ്താന്‍ മാധ്യമപ്രവര്‍ത്തനകാണ് ഇപ്പോള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. യുവരാജ് സിങ്ങ്, ആശിഷ് നെഹ്‌റ, ജസ്പ്രീത് ബുംറ, സുരേഷ് റെയ്‌ന, പവന്‍ നേഗി, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, അജിങ്ക്യെ രഹാനെ, ശിഖര്‍ ധവാന്‍, ആര്‍.അശ്വിന്‍, ഹാര്‍ദിക് പാണ്ഡ്യെ എന്നിവരെല്ലാം ആ ജഴ്‌സിയില്‍ ഒപ്പിട്ടിട്ടുണ്ട്.
ഫെബ്രുവരിയിലാണ് അഫ്രീദി ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ഏകദിനത്തില്‍ നിന്നും ടെസ്റ്റില്‍ നിന്നും അഫ്രീദി നേരത്തെ തന്നെ വിരമിച്ചിരുന്നു. 2016 ലോകകപ്പ് ടിട്വന്റി വരെ പാകിസ്താന്‍ ടിട്വന്റി ടീമിന്റെ ക്യാപ്റ്റനായിരുന്നു അഫ്രീദി. 36ാം വയസ്സില്‍ 21 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ച അഫ്രീദി 27 ടെസ്റ്റുകളും 398 ഏകദിനങ്ങളും 98 ടിട്വന്റിയും കളിച്ചിട്ടുണ്ട്.

SHARE