വിവാദ വ്യവസായി വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍

ലണ്ടന്‍: ഇന്ത്യന്‍ മദ്യവ്യവസായി വിജയ് മല്യ ലണ്ടനില്‍ അറസ്റ്റിലായി. ഇന്ത്യയിലെ വിവിധ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ഒമ്പതിനായിരം കോടിയിലേറെ രൂപ വായ്പ എടുത്തശേഷം മല്യ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു. ഈ കേസിലാണ് മല്യ ആറസ്റ്റിലായിരിക്കുന്നത്.
അറസ്റ്റ് ചെയ്ത മല്യയെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് പ്രതീക്ഷകള്‍. സ്‌കോട്ട്‌ലന്റ് യാഡാണ് ലണ്ടനില്‍ വെച്ച് മല്യയെ കസ്റ്റഡിയില്‍ എടുത്തത്. ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയില്‍ മല്യയെ അല്‍പ്പസമയത്തിനകം ഹാജരാക്കും. ലണ്ടനിലെ പ്രാദേശിക സമയം ഒന്‍പതരയ്ക്കാണ് മല്യയെ അറസ്റ്റ് ചെയ്തത്.
വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ച കേസില്‍ അടുത്തിടെ ദില്ലി ഹൈക്കോടതി മല്യയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടിനാണ് മല്യ ഇന്ത്യ വിട്ടത്. ബാങ്കുകളെ കബളിപ്പിച്ച് മുങ്ങിയ സംഭവത്തില്‍ എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മല്യയ്‌ക്കെതിരെ സുപ്രിം കോടതിയെ സമീപിച്ചിരിക്കുകയാണ്. മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ ഇന്ത്യ അദ്ദേഹത്തെ നാടുകടത്തണമെന്ന് ഫെബ്രുവരി മാസത്തില്‍ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസുകളും നിരവധി അറസ്റ്റ് വാറന്റുകളും നേരിടുന്ന ആളാണ് മല്യയെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആവശ്യം ബ്രിട്ടന്‍ തള്ളിയിരുന്നു.
നേരത്തെ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ വിജയ് മല്യയുടെ 6,630 കോടിരൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു. 200 കോടി വിലമതിക്കുന്ന മഹാരാഷ്ട്രയിലെ ഫാം ഹൗസ്, 800 കോടി മൂല്യമുള്ള ബംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റ്, മാള്‍, യുബിഎല്‍, യുഎസ്എല്‍ എന്നിവയുടെ 3000 കോടിയുടെ മൂല്യമുള്ള ഒഹരികള്‍ എന്നിവയാണ് കണ്ടുകെട്ടിയത്.
ബാങ്കുകളുടെ കിട്ടാക്കടം വീണ്ടെടുക്കുന്നതിന് മല്യയുടെ സ്ഥാവരജംഗമ വസ്തുക്കള്‍ ലേലം ചെയ്യുകയാണ്. അടുത്തിടെ വിജയ് മല്യയുടെ ഗോവയിലെ വില്ല ഹിന്ദി നടന്‍ സച്ചിന്‍ ജോഷി സ്വന്തമാക്കിയിരുന്നു.
വിജയ് മല്യ ലണ്ടനില്‍ അറസ്റ്റിലായ സംഭവത്തില്‍ മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചു. മല്യയെ അറസ്റ്റ് ചെയ്യാന്‍ മോദി കൈക്കൊണ്ട നടപടികളെ അഭിനന്ദിക്കുന്നതായി സ്വാമി പറഞ്ഞു. ‘മോദി എപ്പോഴും അഴിമതിക്കെതിരെ പോരാടുന്ന വ്യക്തിയാണ്. ഇനി മല്യയ്ക്ക് ജയിലില്‍ പോകാനുള്ള സമയമാണ്. ഇതൊരു തുടക്കം മാത്രമാണ്. അടുത്ത ഊഴം ലളിത് മോദിയുടേതാണ്’. സ്വാമി അഭിപ്രായപ്പെട്ടു.

SHARE