അറസ്റ്റിലായി, ഉടന്‍തന്നെ വിജയ് മല്യയ്ക്ക് ജാമ്യം

ലണ്ടന്‍: ലണ്ടനില്‍ അറസ്റ്റിലായ വിവാദ ഇന്ത്യന്‍ വ്യവസായി വിജയ് മല്ല്യക്ക് മണിക്കൂറുകള്‍ക്കകം ജാമ്യം. ലണ്ടന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ ഹാജരാക്കിയ മല്ല്യക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പോലീസാണ് മല്ല്യയെ അറസ്റ്റ് ചെയ്തത്.
ഫെബ്രുവരിയില്‍, മല്ല്യക്കെതിരെ ശക്തമായ കേസുകളുണ്ടെന്നും അതിനാല്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ പ്രകാരം ഇയാളെ വിട്ടുതരണമെന്നും ഇന്ത്യ യുകെയോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് മല്ല്യയെ അറസ്റ്റ് ചെയ്തതെന്ന് ബ്രിട്ടന്‍ സ്ഥിരീകരിച്ചിരുന്നു.
എസ്.ബി.ഐ ഉള്‍പ്പടെ ഇന്ത്യയിലെ വിവിധ ബാങ്കുകള്‍ക്ക് 9000 കോടി രൂപ വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ പിടികൂടപ്പെടുമെന്ന ഘട്ടമെത്തിയതോടെ മല്യ രാജ്യം വിടുകയായിരുന്നു. ഇതുസംബന്ധിച്ച കേസുകള്‍ സുപ്രീംകോടതിയില്‍ നടക്കുകയാണ്.
കോടതി ആവശ്യപ്പെട്ടിട്ടും കോടതിയില്‍ ഹാജരാകാന്‍ ഇയാള്‍ തയാറായിരുന്നില്ല. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണ് മല്ല്യയുടെ കേസുകള്‍ അന്വേഷിക്കുന്നത്.

രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയെ അറസ്റ്റ് ചെയ്യിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള ഇടപെടല്‍ മൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാങ്കുകളെ പറ്റിച്ച് മുങ്ങിയ മല്യയെ തിരികെ എത്തിക്കാന്‍ ശക്തമായ ഇടപെടലുകളാണ് ഇന്ത്യ നടത്തി വന്നിരുന്നത്. ഈ വിഷയത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി മോദി തന്നെ നേരിട്ട് സംസാരിക്കുന്ന സാഹചര്യവുമുണ്ടായി. ഇതോടെയാണ് കടുത്ത നിലപാട് സ്വീകരിക്കാന്‍ ബ്രിട്ടണ്‍ നിര്‍ബന്ധിക്കപ്പെട്ടത്.
ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ മാത്രമല്ല ബ്രിട്ടനിലെ ഉന്നത രാഷ്ട്രീയ നേതൃത്വങ്ങളുമായും വളരെ അടുത്ത ബന്ധമാണ് ഈ മദ്യ രാജാവിനുള്ളത്.
ബ്രിട്ടന്‍ പൊലീസായ സ്‌കോട്‌ലന്‍ഡ് യാര്‍ഡാണ് മല്യയെ അറസ്റ്റു ചെയ്തത്.
ഇന്ത്യയില്‍ 9000 കോടി വായ്പാകുടിശ്ശിക വരുത്തിയ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. കഴിഞ്ഞ വര്‍ഷം മേയിലാണ് വിജയ് മല്യ രാജ്യം വിട്ടത്. തുടര്‍ന്ന് മല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യ നയതന്ത്രതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തിവരുകയായിരുന്നു.
വിജയ്മല്യയെ തിരികെയെത്തിക്കാനുള്ള ഇന്ത്യയുടെ അപേക്ഷ കൂടുതല്‍ നടപടിക്കായി ബ്രിട്ടീഷ് ആഭ്യന്തര വകുപ്പ് കോടതിക്കു കൈമാറിയിരുന്നു.
കുറ്റവാളികളെ കൈമാറുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍പ്രകാരം മല്യയെ ഇന്ത്യയിലേക്കു തിരികെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി എട്ടിന് ഇന്ത്യ ബ്രിട്ടന് കത്തു നല്‍കുകയും ചെയ്തിരുന്നു.
കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയാണ് മല്യ വന്‍തുകകള്‍ ബാങ്കില്‍ നിന്നും വായ്പയായി വാങ്ങിയത്. വന്‍ മുതല്‍ മുടക്കില്‍ തുടങ്ങിയ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് നഷ്ടത്തിലായതോടെ കമ്ബനി അടച്ചു പൂട്ടുകയും പിന്നീട് ബാങ്ക് ലോണുകള്‍ അടയ്ക്കാതെ മല്യ രാജ്യം വിടുകയായിരുന്നു.

SHARE