അങ്കണവാടി, ആശ വര്‍ക്കര്‍മാര്‍, നിര്‍മാണ തൊഴിലാളികള്‍ എന്നിവര്‍ക്കും പിഎഫ് ആനുകൂല്യം ലഭ്യമാക്കാന്‍ നടപടി

കൊച്ചി: അസംഘടിത മേഖലയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും ഇഎസ്‌ഐ, പ്രോവിഡന്റ് ഫണ്ട് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. താമസിയാതെ തന്നെ ഒന്‍പതു കോടി കുടുംബങ്ങളെ ഇഎസ്‌ഐ പരിധിയില്‍ കൊണ്ടുവരുമെന്നും അസംഘടിത മേഖലയിലെ 4.7 കോടി നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ഇപിഎഫ് ആനുകൂല്യം ലഭ്യമാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
രണ്ടാം ഘട്ടമായി അങ്കണവാടി ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കും മൂന്നാം ഘട്ടമായി ഗാര്‍ഹിക തൊഴിലാളികള്‍, ഓട്ടോ െ്രെഡവര്‍മാര്‍ എന്നിവര്‍ക്കും ഇഎസ്‌ഐ ആനുകൂല്യങ്ങള്‍ എത്തിക്കും. ഇഎസ്‌ഐ ആശുപത്രികളുടെ നവീകരണവും കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഏലൂര്‍ ഇഎസ്‌ഐ ആശുപത്രി 200 കിടക്കകളുള്ള സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ആശുപത്രിയായി വികസിപ്പിക്കും. എല്ലാ ഇഎസ്‌ഐ ആശുപത്രികളിലും വൈകാതെ ആയുര്‍വേദ, യൂനാനി, യോഗ, ഹോമിയോ ചികില്‍സാ സൗകര്യങ്ങള്‍ കൂടി ഒരുക്കും. ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ ആറായിരം കോടി രൂപയുടെ വികസന പദ്ധതികള്‍ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നതില്‍ എറണാകുളത്തിനു നല്ലൊരു പങ്കു ലഭ്യമാക്കുമെന്നും കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ വ്യക്തമാക്കി.
കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികളുമായി മോദി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. 2022ല്‍ എല്ലാവര്‍ക്കും ഭവനമെന്ന ലക്ഷ്യമാണു കേന്ദ്രസര്‍ക്കാരിനു മുന്നിലുള്ളത്. ഇലക്ട്രോണിക്, ഡിജിറ്റല്‍ മേഖലയില്‍ ജോലിചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ വര്‍ക്കിങ് ജേണലിസ്റ്റ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരുമെന്നു മന്ത്രി വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഇതിനായി നിയമം ഭേദഗതി ചെയ്യും. മാധ്യമപ്രവര്‍ത്തകര്‍ക്കു വേജ് ബോര്‍ഡ് നിശ്ചയിച്ച വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
ഇതിനായി സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും തൊഴില്‍ മന്ത്രിമാര്‍ക്കും രണ്ടുവട്ടം കത്തെഴുതി. ഇക്കാര്യങ്ങളില്‍ ബന്ധപ്പെട്ട കക്ഷികളെ വിളിച്ചുചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

SHARE