ഫോണിലൂടെയുള്ള മുത്തലാഖ് നിരസിച്ച മുസ്ലിം യുവതിയുടെ ശരീരത്തില്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ആസിഡ് ഒഴിച്ചു

പിലിഭിത്: ഫോണിലൂടെയുള്ള മുത്തലാഖ് നിരസിച്ച മുസ്ലിം യുവതിക്കു നേര്‍ക്ക് ഭര്‍ത്താവിന്റെ ബന്ധുക്കളുടെ ആസിഡ് ആക്രമണം. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് രഹ്ന എന്ന നാല്‍പ്പതുകാരി ആക്രമിക്കപ്പെട്ടത്. ശരീരത്തിന്റെ പുറംഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റ രഹ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

18 വര്‍ഷം മുമ്പായിരുന്നു രഹ്നയും മത്‌ലബ് എന്നയാളും തമ്മിലുള്ള വിവാഹം. വിവാഹശേഷം ഇരുവരും യുഎസിലേക്കു പോയി. എന്നാല്‍ 2011ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. കുറച്ചുദിവസങ്ങള്‍ക്കുശേഷം മത്‌ലബ് യുഎസിലേക്കു തിരിച്ചുപോയി. പിന്നീട് ന്യുയോര്‍ക്കില്‍ മറ്റൊരു ജോലി ലഭിച്ചതായി ഫോണ്‍ ചെയ്ത് അറിയിച്ചു. പിന്നീട് രഹ്നയുമായി ബന്ധം പുലര്‍ത്താന്‍ മത്‌ലബ് തയാറായില്ല.

കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം ബന്ധം വേര്‍പെടുത്തിയതായി അറിയിച്ച് മത്‌ലബ് ഫോണ്‍ ചെയ്‌തെങ്കിലും രഹ്ന ഇത് നിരസിച്ചു. ഇതേതുടര്‍ന്ന് മത്‌ലബിന്റെ ബന്ധുക്കള്‍ രഹ്നയെ ഭീഷണിപ്പെടുത്തി. ഇതിനും വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് യുവതിക്കു നേര്‍ക്ക് ബന്ധുക്കള്‍ ആസിഡ് എറിയുകയായിരുന്നു.

രഹ്നയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.ൃ

SHARE