സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയത് ഗുരുതര സുരക്ഷ വീഴ്ചയെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമല: വിഷു ഉത്സവകാലത്ത് ശബരിമല സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ. രാഘവന്‍
ശബരിമലയില്‍ ആചാരം ലംഘിച്ച് യൗവനയുക്തകളായ സത്രീകള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം കെ രാഘവന്‍ പറഞ്ഞു. സുപ്രിം കോടതിയില്‍ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് ദുരൂഹമാണ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന സംഭവമാണിത്. ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് ആവശ്യപ്പെടും. കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ പുറത്താക്കും. സംഭവം ദേവസ്വം മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും രാഘവന്‍ പറഞ്ഞു. കഴിഞ്ഞ 11ന് ആണ് പാലക്കാട് സ്വദേശികളായ ഒരു സംഘം യുവതികള്‍ ശബരിമലയിലെത്തിയത്. പത്താം തീയതി മുതലാണ് ശബരിമലയില്‍ വിഷു ഉത്സവം ആരംഭിച്ചത്. പത്തിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ എത്തരുതെന്നാണ് നിയമം. എന്നാല്‍ ഈ യുവതികളുടെ സംഘം പമ്പയില്‍ നിന്നും തടസ്സങ്ങളൊന്നുമില്ലാതെയാണ് മല കയറിയത്. പമ്പയില്‍ യുവതികളായ സ്ത്രീകളെ തടയുന്നതിന് നിയോഗിക്കപ്പെട്ട പൊലീസ് ഇവരെ തടഞ്ഞില്ലെന്നാണ് ആക്ഷേപം.
ഇവര്‍ സോപാനത്തെത്തി വിഐപികളെ പോലെ ദര്‍ശനം നടത്തുകയും ചെയ്തു. ഇവര്‍ ദര്‍ശനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് സന്നിധാനം പൊലീസ് ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടുവെങ്കിലും വയസ്സ് തെളിയിക്കുന്നതിനുള്ള വ്യക്തമായ രേഖകള്‍ ഒന്നും ഹാജരാക്കാതെ ഇവര്‍ മടങ്ങിയതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ ഉടമയും ശബരിമലയിലെ സ്ഥിരം സാന്നിദ്ധ്യവും ദര്‍ശന ദല്ലാളുമായ സുനില്‍ സ്വാമിയാണ് യുവതികളായ സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനം നടത്തുന്നതിനുള്ള സഹായം ചെയ്ത് കൊടുത്തതെന്നാണ് ആക്ഷേപം.
ഇയാള്‍ക്ക് പൊലീസിലും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരിലും വലിയ സ്വാധീനമുണ്ടെന്നാണറിവ്. ഇതുകൊണ്ടുകൂടിയാണ് യുവതികള്‍ക്കൊപ്പം പ്രതിബന്ധങ്ങളൊന്നുമില്ലാതെ ശബരിമലയിലെ സോപാനം വരെയെത്താന്‍ കഴിഞ്ഞതെന്നാണ് വിവരം.

SHARE