പ്രണയ വിവാഹത്തിന്റെ പേരില്‍ യുവദമ്പതികള്‍ക്ക് നാലര വര്‍ഷമായി ഊരുവിലക്ക്

മാനന്തവാടി: വയനാട്ടില്‍ പ്രണയവിവാഹം ചെയ്തതിന്റെ പേരില്‍ യുവദമ്പതികള്‍ക്ക് സമുദായത്തിന്റെ ഊരുവിലക്ക്. മാനന്തവാടി സ്വദേശികളായ അരുണ്‍-സുകന്യ ദമ്പതികള്‍ക്കാണ് നാലര വര്‍ഷമായി യാദവ സമുദായം ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുന്നതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദമ്പതികളുടെ പരാതിയെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സംഭവത്തില്‍ ഇടപെട്ടുവെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ല.

യാദവ സമുദായത്തിലെ അംഗങ്ങളായ അരുണ്‍-സുകന്യ ദമ്പതികള്‍ 2012 ലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഒരോ സമുദായത്തിലെ അംഗങ്ങളായിട്ടും ആചാരങ്ങള്‍ തെറ്റിച്ചതിന്റെ പേരിലാണ് ഇരുവര്‍ക്കും സമുദായ വിലക്ക് കല്‍പ്പിച്ചിരിക്കുന്നത്. സമുദായത്തില്‍ വിവാഹ-മരണാനന്തര ചടങ്ങുകളിലും ദമ്പതികള്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല. ഒരു ചടങ്ങില്‍ അടുത്ത് ഇരുന്നതിന്റെ പേരില്‍ സുകന്യയുടെ കുടുംബത്തിന് മൂന്ന് മാസത്തേക്ക് വിലക്ക് കല്‍പ്പിച്ചിരുന്നു. ഇരുവരെയും കുലംകുത്തികളായും കളങ്കിതരായും വിശേഷിപ്പിച്ച് സമുദായം ലഘുലേഖയും പുറത്തിറക്കിയിരുന്നു. നാലു വര്‍ഷങ്ങളായി മാതാപിതാക്കളോട് സംസാരിക്കാന്‍ കൂടി കഴിയാത്ത അവസ്ഥയിലാണ് ദമ്പതികള്‍.

സംഭവത്തില്‍, പ്രധാനമന്ത്രി മൊബൈല്‍ ആപ്പ് വഴി പരാതി നല്‍കിയതിനെത്തുടര്‍ന്ന്, മാനന്തവാടി പൊലീസ് ദമ്പതികളെയും സമുദായ നേതാക്കളെയും വിളിച്ചുവരുത്തി സംസാരിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല.

SHARE