ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. അല്‍ അറൂബ സ്ട്രീറ്റിലെ അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ്തീപ്പിടിത്തം.
ഷാര്‍ജ- അജ്മന്‍ പാതയിലാണ് തീപ്പിടുത്തമുണ്ടായ കെട്ടിടം ഉള്ളത്. കെട്ടിടത്തിന്റെ രണ്ട് നിലകള്‍ കത്തി നശിച്ചു. 16 നിലകളാണ് കെട്ടിടത്തിനുള്ളത്. ഇതില്‍ ഏറ്റവും താഴെ പ്രവര്‍ത്തിച്ചിരുന്ന അല്‍മനാമാ സൂപ്പര്‍ മാര്‍ക്കറ്റ് പൂര്‍ണമായും കത്തി നശിച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സമീപ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചു. കനത്ത പുക പ്രദേശത്ത് പടര്‍ന്നിരിക്കുകയാണ്. ഇന്ത്യന്‍ സമയം രാത്രി 12.15 നാണ് സംഭവം.
ഷരിയ സിവില്‍ ഡിഫന്‍ഡസിന്റെ നേതൃത്വത്തിലായിരുന്നു തീയണയ്ക്കാനുള്ള ശ്രമം നടത്തിയത്. കനത്ത പുക ഉയര്‍ന്നത് ഇടയ്ക്ക് തീയണയ്ക്കാനുള്ള ശ്രമം ദുഷ്‌കരമാക്കിയിരുന്നു. കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം സിവില്‍ ഡിഫന്‍സ് വിച്ഛേദിച്ചു. കെട്ടിടത്തിനകത്തുനിന്ന് പുക പുറത്തേക്ക് വലിച്ചുകളയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മൂന്നുമണിക്കൂര്‍ നേരത്തേക്ക് ആളുകളെ പ്രദേശത്തേക്ക് എത്തുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. വൈദ്യുതി തകരാറാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. അവധി ദിവസമായിരുന്നതിനാല്‍ ഇവിടെ താമസിക്കുന്നവര്‍ പലരും പുറത്തുപോയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കെട്ടിടത്തിലെ മറ്റ് നിലകളില്‍ നിറയെ മലയാളികളാണ് താമസിക്കുന്നത്. ഇവരെയെല്ലാം ഒഴിപ്പിച്ചിട്ടുണ്ട്. നൂറുമീറ്റര്‍ ചുറ്റളവിലുള്ള എല്ലാവരെയും ഓഴിപ്പിച്ചിട്ടുണ്ട്. ഇവിടുത്തെ താമസക്കാരെ സമീപത്തെ ഹോട്ടലുകളിലേക്കാണ് മാറ്റി താമസിപ്പിച്ചിരിക്കുന്നത്.

SHARE