അങ്ങനെ ചെയ്താല്‍ ഇന്ത്യയില്‍ മറ്റൊരു പാക്കിസ്ഥാന്‍ പിറക്കും; വിവാദ പരാമര്‍ശവുമായി വെങ്കയ്യ നായിഡു

ഹൈദരാബാദ്: മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് മറ്റൊരു പാകിസ്താന്റെ പിറവിയിലേക്ക് നയിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി വെങ്കയ്യ നായിഡു. ചില മതവിഭാഗക്കാര്‍ക്കുള്ള സംവരണം വര്‍ധിപ്പിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ നടത്തുന്ന നീക്കത്തെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം നടപടികള്‍ സാമൂഹിക അസ്ഥിരതയിലേക്ക് നയിക്കും. മതസംവരണ നടപടികള്‍ക്ക് ഭാരണഘടന സാധുത ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. ഹൈദാരാബാദില്‍ അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് ബിജെപി നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു.

പ്രത്യേക മതവിഭാഗങ്ങള്‍ക്ക് നല്‍കുന്ന സംവരണത്തെ ഭരണഘടനാ ശില്‍പിയായി ഡോ. ബിആര്‍ അംബേദ്കര്‍ എതിര്‍ത്തിരുന്നതായും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. കെ ചന്ദ്രശേഖര റാവു തെലങ്കാന മുഖ്യമന്ത്രിയായതുകൊണ്ടല്ല ബിജെപി ഇതിനെ എതിര്‍ക്കുന്നത്. തെലങ്കാന രൂപീകരിക്കുന്നതിന് മുന്‍പ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി രാജശേഖര റെഡ്ഡിയുടെയും ചന്ദ്രബാബു നായിഡുവിന്റെ കാലത്തും ഇത്തരം സംവരണ നീക്കങ്ങളെ ബിജെപി എതിര്‍ത്തിരുന്നതായും വെങ്കയ്യ നായിഡു പറഞ്ഞു.

മറ്റൊരു പാകിസ്താന്റെ പിറവിക്ക് കാരണമാകുമെന്നതിലാണ് ബിജെപി മതസംവരണത്തെ എതിര്‍ക്കുന്നത്. ബിജെപി തെലങ്കാന യൂണിറ്റിന്റെ മാത്രം തീരുമാനം അല്ല ഇത്. ഇന്ത്യയെ മൊത്തത്തില്‍ ബാധിക്കുന്ന നയമാണ് ബിജെപിയുടേത്. ബിജെപി മുസ്ലീം വിഭാഗക്കാര്‍ക്ക് എതിരാണെന്ന് ഇതില്‍ അര്‍ത്ഥമില്ല. സാമൂഹികനിലവാരവും പിന്നോക്കാവസ്ഥയും അടിസ്ഥാനമാക്കിയുള്ള സംവരണമാണ് ഭരണഘടനയ്ക്ക് അനുസൃതമായിട്ടുള്ളത്. മറ്റു സംവരണ നടപടികളെല്ലാം ഭരണഘടനയ്ക്ക് എതിരാണെന്നും മന്ത്രി പറഞ്ഞു.

SHARE