യുഎസ് നടത്തിയ ബോംബാക്രമണത്തില്‍ മലയാളി ഐഎസുകാര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: അഫ്ഗാന്‍ അതിര്‍ത്തിയിലെ ഐഎസ് ഭീകരരുടെ കേന്ദ്രത്തില്‍ യുഎസ് നടത്തിയ ബോംബാക്രമണത്തില്‍ മലയാളി ഐഎസുകാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരും കൊല്ലപ്പെട്ടതായി സംശയം. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് ജിബിയു-43 എന്ന കൂറ്റന്‍ ബോംബ് ഉപയോഗിച്ച് യുഎസ് ഐഎസ് കേന്ദ്രത്തില്‍ ആക്രമണം നടത്തിയത്. 11 ടണ്‍ ഭാരമുള്ള ജിബിയു-43 പ്രയോഗിക്കപ്പെട്ടതില്‍ ഏറ്റവും വലിയ ആണവേതര ബോംബാണ്. ബോംബുകളുടെ മാതാവ് എന്നാണ് ഇതറിയപ്പെടുന്നത്.
Read | യുഎസ് പ്രയോഗിച്ചത് ‘ബോംബുകളുടെ മാതാവി’നെ
അഫ്ഗാനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തിലാണ് ഉഗ്രപ്രഹരശേഷിയുള്ള ബോംബ് യുഎസ് പ്രയോഗിച്ചത്. കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന ഇരുപതിലേറെ പേര്‍ ഇവിടെ ഉണ്ടായിരുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്.
മേഖലയില്‍ ഉണ്ടായിരുന്ന മലയാളികളുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടാന്‍ എന്‍ഐഎക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ബോംബാക്രമണത്തില്‍ ആകെ 36 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിലെ യുഎസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നവര്‍ തങ്ങള്‍ അഫ്ഗാനിസ്ഥാനിലാണ് ഉള്ളതെന്ന് ബന്ധുക്കള്‍ക്ക് സന്ദേശം അയച്ചതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

SHARE