പരാതിയുമായി ഹിന്ദു യുവവാഹിനി; ഉത്തര്‍പ്രദേശില്‍ ക്രിസ്ത്യന്‍ പള്ളിയിലെ പ്രാര്‍ത്ഥന പൊലീസ് തടഞ്ഞു

ഉത്തര്‍പ്രദേശ്: മതപരിവര്‍ത്തനം നടക്കുന്നുവെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ക്രിസ്ത്യന്‍ പള്ളിയിലെ പ്രാര്‍ത്ഥന പൊലീസ് തടഞ്ഞതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ വിദേശികളുള്‍പ്പെടെ 150 ലധികം ആളുകള്‍ പങ്കെടുത്ത പ്രാര്‍ത്ഥന യോഗമാണ് പൊലീസ് തടഞ്ഞത്. ഹിന്ദു യുവവാഹിനിയുടെ പരാതിയിന്‍മേലായിരുന്നു പൊലീസ് നടപടി എടുത്തത്.

മഹാരാജ്ഗഞ്ച് ജില്ലയിലെ ദത്തോളി പളളിയിലെ പാസ്റ്റര്‍ യോഹന്നാന്‍ ആദത്തിനെതിരെയാണ് ഹിന്ദു യുവവാഹിനി മതപരിവര്‍ത്തനം നടത്തുന്നുവെന്ന പരാതി നല്‍കിയത്. 2002 ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് രൂപീകരിച്ച സംഘടനയായിരുന്നു ഹിന്ദു യുവവാഹിനി. പാസ്റ്റര്‍ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണെന്നാണ് സംഘടന ആരോപിച്ചത്. പരാതിയുള്ളതിനാല്‍ പ്രാര്‍ത്ഥന യോഗം നിര്‍ത്തിവെക്കുകയാണെന്നും, ആരോപണം ശരിയാണെങ്കില്‍ തക്കതായ ശിക്ഷ നല്‍കുമെന്നും പൊലീസ് ഓഫീസര്‍ ആനന്ദ് കുമാര്‍ ഗുപ്ത പറഞ്ഞതായി ആളുകള്‍ പറയുന്നു. പ്രാര്‍ത്ഥന യോഗത്തിലുണ്ടായിരുന്ന അമേരിക്കന്‍ വിദേശികളുടെ വിസയും മറ്റ് രേഖകളും പൊലീസ് പരിശോധിച്ചു.

ഹിന്ദുക്കളെ മിഷണറിമാര്‍ വഴി വ്യാപകമായി മതപരിവര്‍ത്തനത്തിന് വിധേയമാക്കു കയാണെന്നും അമേരിക്കന്‍ വിദേശികളുടെ സാനിധ്യം അതാണ് സൂചിപ്പിക്കുന്നതെന്നും ഹിന്ദു യുവവാഹിനി നേതാവ് കൃഷ്ണ നന്ദന്‍ ആരോപിച്ചു. പണം കൊടുത്താണ് ഇത്തരക്കാരെ ആകര്‍ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഘടയുടെ ആരോപണങ്ങളെ തള്ളി പള്ളിയും പാസ്റ്ററും രംഗത്തുവന്നു. പ്രാര്‍ത്ഥനമാത്രമാണ് ഇവിടെ നടക്കുന്നതെന്നും, മാത്രമല്ല സ്വന്തം ഇഷ്ടപ്രകാരമാണ് ആളുകള്‍ ഇവിടെ എത്തുന്നതെന്നും, പാസ്റ്റര്‍ വ്യക്തമാക്കി.

SHARE