മെയ് ഒന്നുമുതല്‍ രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ ഇന്ധനവില ദിവസേന മാറും

ന്യൂഡല്‍ഹി: 15 ദിവസം കൂടുമ്പോള്‍ ഇന്ധനവില പുതുക്കി നിശ്ചയിക്കുന്ന സമ്പ്രദായം മാറ്റി ദിവസേന നിരക്ക് നിശ്ചയിക്കുന്ന രീതിയിലേക്കെന്ന് റിപ്പോര്‍ട്ട്. പൊതുമേഖല എണ്ണക്കമ്പനികള്‍ മെയ് ഒന്നുമുതല്‍ പരീക്ഷണ അടിസ്ഥാനത്തില്‍ രാജ്യത്തെ അഞ്ച് നഗരങ്ങളിലാണ് ദിവസേന എണ്ണവില മാറ്റുന്നത് പരീക്ഷിക്കുന്നത്.
ദക്ഷിണേന്ത്യയില്‍ വിശാഖപട്ടണം, പുതുച്ചേരി നഗരങ്ങളിലാണ് മെയ് ഒന്നുമുതല്‍ ഇത് നടപ്പാക്കുക.
ജംഷഡ്പൂര്‍, ചണ്ഡിഗഢ്, ഉദയ്പൂര്‍ എന്നീ നഗരങ്ങളും ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്.
ഈ അഞ്ച് നഗരങ്ങളിലായി 200 പമ്പുകള്‍ ഉള്ളതായാണ് കണക്ക്. സ്വകാര്യ കമ്പനികളായ റിലയന്‍സും, എസ്സാറും ഈ മാതൃക വൈകാതെ പിന്തുടരുമെന്നാണ് റിപ്പോര്‍ട്ട്.

പെട്രോളിനും ഡീസലിനും വില നിര്‍ണയിക്കുന്നതിനുള്ള അധികാരം ഇപ്പോള്‍ രാജ്യത്തെ പൊതുമേഖലാ പെട്രോളിയം കമ്പനികള്‍ക്കാണ്. മാസത്തില്‍ രണ്ടു തവണ അവര്‍ യോഗം ചേര്‍ന്ന് വില നിശ്ചയിക്കുകയാണു ചെയ്യുന്നത്. അതാതു സമയങ്ങളില്‍ രാജ്യാന്തര വിപണിയിലെ എണ്ണ വിലയുടെ ഗതി മുന്‍നിര്‍ത്തി ഓരോ 15 ദിവസത്തേക്കുമുള്ള വില നിര്‍ണയിക്കും. ഈ രീതി മാറ്റി ഓരോ ദിവസവും മാര്‍ക്കറ്റ് വില നിശ്ചയിക്കുന്ന രീതിയെക്കുറിച്ച് എണ്ണക്കമ്പനികള്‍ ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതു നിലവില്‍വരുന്നതോടെ രാജ്യാന്തര വിപണിക്കൊപ്പം ആഭ്യന്തര വിപണിയിലും ഓരോ ദിവസവും വിലയില്‍ വ്യത്യാസം വരും.
ഡൈനാമിക് ഫ്യുവല്‍ പ്രൈസിങ് എന്നാണ് ഈ സംവിധാനത്തിനു സാങ്കേതികമായി വിളിക്കുന്ന പേര്. ഇന്ത്യയിലെ ആഭ്യന്തര ഇന്ധന വിപണിക്ക് രാജ്യാന്തര നിലവാരം നല്‍കുന്നതാകും പുതിയ തീരുമാനമെന്നാണു വിലയിരുത്തല്‍.
ദ്വൈവാര വില നിര്‍ണയത്തിനു കാത്തിരിക്കുമ്പോഴുണ്ടാകുന്ന നഷ്ടം പൊതുജനങ്ങള്‍ക്കോ എണ്ണക്കമ്പനികള്‍ക്കോ ഉണ്ടാകില്ലെന്നതും ഡൈനാമിക് ഫ്യുവല്‍ പ്രൈസിങ് സിസ്റ്റത്തിന്റെ മേന്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ രീതി നടപ്പാക്കുന്നതോടെ ഈ മേഖലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളും ഇതിലേക്കു മാറേണ്ടിവരും. ഈ മാസം 31നാണ് ഏറ്റവും ഒടുവില്‍ പെട്രോളിയം വില പുനര്‍ നിര്‍ണയിച്ചത്.

SHARE