ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത, ഇതുവരെ കിട്ടാത്ത വിഷു കൈനീട്ടമെന്ന് മഞ്ജു

ഹരിപ്പാട്: ‘ഈ പുഞ്ചിരി എനിക്ക് വിഷുക്കൈനീട്ടമാണ്. ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത, ഇതുവരെ കിട്ടാത്ത കൈനീട്ടം. ഇനിയുള്ള വിഷുക്കാലങ്ങളിലെല്ലാം ഓര്‍ക്കാന്‍ കഴിയുന്ന സൗഭാഗ്യം’ആര്‍ച്ചയെയും ആതിരയെയും ചേര്‍ത്തുപിടിച്ച് അവരുടെ അമ്മ രമ്യയെ ഒപ്പംനിര്‍ത്തി നടി മഞ്ജുവാര്യര്‍ പറഞ്ഞു. രണ്ട് പെണ്‍കുഞ്ഞുങ്ങളുമായി അന്തിയുറങ്ങാന്‍ ഓടുന്ന തീവണ്ടികളില്‍ അഭയം തേടിയിരുന്ന ഈ കുടുംബത്തിനുവേണ്ടി നിര്‍മിച്ച വീട് കൈമാറാന്‍ എത്തിയതായിരുന്നു മഞ്ജു. ഏവൂര്‍ അമ്പലത്തിന് വടക്കുമാറി പഞ്ചവടി ജങ്ഷനടുത്ത് അഞ്ച് സെന്റില്‍ നിര്‍മിച്ച മനോഹരമായ വീട്.

മുറ്റത്തും പരിസരത്തും തടിച്ചുകൂടിയ പുരുഷാരത്തിനു നടുവിലൂടെ മഞ്ജു നടന്നുകയറിയത് അടുക്കളയിലേക്ക്. അടുപ്പില്‍ പൂമാലയിട്ട കലം. മഞ്ജു അടുപ്പിലേക്ക് തീപകര്‍ന്നു. കലത്തില്‍ നിറച്ച പാല്‍ തിളച്ചുതൂകുമ്പോള്‍ മഞ്ജുവിനടുത്ത് ആര്‍ച്ചയും അനിയത്തി ആതിരയും, പിന്നെ അച്ഛനമ്മമാരായ രമ്യയും പ്രദീപും. പുറത്ത് ആരാധകര്‍ തിരക്കുകൂട്ടി. ഫോണുകള്‍ നീണ്ടുവന്നു… സെല്‍ഫിയെടുക്കാന്‍.ശ്രീവത്സം ഗ്രൂപ്പ് നല്‍കിയ അഞ്ച് സെന്റിലാണ് വീട് നിര്‍മിച്ചത്. രണ്ട് കിടപ്പുമുറി, ഒരു കടമുറി, ഹാള്‍, അടുക്കള, സിറ്റൗട്ട് എന്നിവയെല്ലാമുണ്ട്. ”ഇതിനേക്കാള്‍ ചെറിയ വീടുകളിലാണ് ഈ കുഞ്ഞുങ്ങളുടെ പ്രായത്തില്‍ ഞാന്‍ ജീവിച്ചത്. ഇവരിലൂടെ ഞാന്‍ എന്നേത്തന്നെയാണ് കാണുന്നത്. ഇവര്‍ക്ക് സുരക്ഷിതമായി അന്തിയുറങ്ങാനുള്ള കൂടൊരുക്കാന്‍ കഴിഞ്ഞതില്‍ ദൈവത്തോട് നന്ദിപറഞ്ഞ മഞ്ജു ഇവരിലേക്ക് എത്താനുള്ള വഴിയൊരുക്കിയ പത്രവാര്‍ത്തയ്ക്കും നന്ദി”അറിയിച്ചു.
നേരത്തെ മൂന്നുതവണ മഞ്ജു ഇവിടെ എത്തിയിരുന്നു. ആദ്യം വാടകവീടിന്റെ പാലുകാച്ചാന്‍, പിന്നീട് സ്ഥലത്തിന്റെ രേഖ കൈമാറാന്‍, നാലുമാസംമുമ്പ് വീടിന് കല്ലിടാനും. ഒരുമണിക്കൂറോളം പുതിയ വീട്ടില്‍ ചെലവഴിച്ചശേഷമാണ് ഇത്തവണ മഞ്ജു മടങ്ങിയത്.ശ്രീവത്സം ഗ്രൂപ്പ് ചെയര്‍മാന്‍ എം.കെ. രാജേന്ദ്രന്‍പിള്ള, ചേപ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രാധാ രാമചന്ദ്രന്‍, ഗ്രാമപ്പഞ്ചായത്തംഗം രവീന്ദ്രന്‍പിള്ള, മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജര്‍ സി. സുരേഷ്‌കുമാര്‍, ചീഫ് റിപ്പോര്‍ട്ടര്‍ എസ്.ഡി. വേണുകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

SHARE