മദ്യപിച്ച് അബുദാബിയിലേക്കുള്ള എയര്‍ഇന്ത്യ വിമാനം പറത്താന്‍ എത്തിയ പൈലറ്റിന് സംഭവിച്ചത്

ന്യൂഡല്‍ഹി: മദ്യപിച്ച് എയര്‍ ഇന്ത്യ എക്സ് പ്രസ് വിമാനം പറത്താനെത്തിയ പൈലറ്റിനെ മൂന്ന് മാസത്തേക്ക് സര്‍വീസില്‍നിന്ന് വിലക്കി. കഴിഞ്ഞ ദിവസം രാത്രി 8.50ന് ഡെല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് അബുദാബിയിലേക്ക് പോവാനിരുന്ന ഐ.എക്സ് 115 വിമാനത്തിന്റെ പൈലറ്റ് ആണ് സസ്പെന്‍ഷനിലായത്.
വിമാനം പറത്തുന്നതിന് തൊട്ടുമുമ്പായി നടത്തുന്ന പതിവ് പരിശോധനയിലാണ് ഇയാള്‍ മദ്യപിച്ചതായി വ്യക്തമായത്. ആദ്യമായാണ് ഇയാള്‍ വിമാനം പറത്തുന്നതിന് മുമ്പുള്ള പരിശോധനയില്‍ പരാജയപ്പെടുന്നത്, അതുകൊണ്ടാണ് നടപടി സസ്പെന്‍ഷനില്‍ ഒതുങ്ങിയത്.
സാധാരണഗതിയില്‍ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കുകയാണ് പതിവ്. പിന്നെയും ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് മൂന്ന് വര്‍ഷത്തേക്കും റദ്ദാക്കും.
ജോലിയില്‍ കയറുന്നതിന് മുമ്പുള്ള 12 മണിക്കൂറില്‍ വിമാനജീവനക്കാര്‍, മദ്യമോ മറ്റു ലഹരി വസ്തുക്കളോ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍, ഇത്തരത്തില്‍ ശരാശരി നാലോ അഞ്ചോ സംഭവങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യാറുണ്ടെന്ന് ഇന്ത്യന്‍ വ്യോമ ഗതാഗത വിഭാഗമായ ഡി.ജി.സി.എ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

SHARE