തോക്ക് സ്വാമിയെ എത്തിച്ചത് പൊലീസ് തന്നെയോ..? പ്രശ്‌നം സൃഷ്ടിക്കാന്‍ പൊലീസ് ശ്രമിച്ചു ?

തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ദിനം തോറും കൂടുതല്‍ വിവാദങ്ങളിലേക്ക് നീങ്ങുകയാണ്. ജിഷ്ണു കേസില്‍ നീതി തേടി സംസ്ഥാന പോലീസ് ആസ്ഥാനത്ത് എത്തിയ അമ്മ മഹിജയ്ക്കും ബന്ധുക്കള്‍ക്കും ഇടയില്‍ നുഴഞ്ഞുകയറിയയാള്‍ എന്ന പേരില്‍ അറസ്റ്റു ചെയ്ത് ചിത്രം മാറ്റാന്‍ തോക്കു സ്വാമി എന്ന ഹിമവല്‍ ഭദ്രാനന്ദയെ എത്തിച്ചത് പോലീസ് തന്നെയാണോ എന്നാണ് സംശയം ഉയരുന്നത്. കാര്യങ്ങള്‍ ആ ദിശയിലേക്കാണ് ഇപ്പോള്‍ നീങ്ങുന്നത്. ജിഷ്ണുവിന്റെ കുടുംബാംഗങ്ങളില്‍ ചിലര്‍ തന്നെ ഈ ആരോപണം ഇപ്പോള്‍ ഉന്നയിച്ചതോടെ സര്‍ക്കാര്‍ കൂടുതല്‍ വെട്ടിലായിരിക്കുകയാണ്.
എം ഷാജിര്‍ ഖാനും ഭാര്യ മിനിയും ശ്രീകുമാറും കെ എം ഷാജഹാനും തോക്കുസ്വാമിയും നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കിയെന്നും അതിന് അവര്‍ ഗൂഢാലോചന നടത്തിയെന്നുമാണ് പോലീസ് ഐജി മനോജ് ഏബ്രഹാമിന്റെ റിപ്പോര്‍ട്ട് എന്ന് അനൗദ്യോഗികമായി പുറത്തു വന്ന സാഹചര്യത്തില്‍ പുതിയ ആരോപണം അതീവ ഗുരുതരമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പോലീസ് മനപ്പൂര്‍വം സ്ഥിതി വഷളാക്കുന്നതിനു വേണ്ടി തീരുമാനിച്ചിരുന്നു എന്നും അതിന് തോക്കുസ്വാമിയെ അവര്‍ മുന്‍കൂട്ടി എത്തിക്കുകയായിരുന്നു എന്നുമാണ് ആരോപണം.
തോക്കുസ്വാമിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിരുന്ന ഡിജിപി അറിഞ്ഞാണോ അതോ താഴേത്തട്ടിലുള്ള പോലീസ് ഉദ്യോഗസ്ഥരാണോ ഈ നീക്കത്തിനു പിന്നിലെന്നാണ് പുറത്തുവരേണ്ടത്. തോക്കുസ്വാമി മഹിജയുടെ സംഘത്തിനൊപ്പം ഉണ്ടായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ ഉദ്ദേശിച്ചിരുന്ന പോലീസിന് മറ്റ് നാലുപേരെക്കൂടി ‘വീണു കിട്ടുക’ ആയിരുന്നു. അതില്‍ വി എസ് അച്യുതാനന്ദന്റെ മുന്‍ സെക്രട്ടറി കെ എം ഷാജഹാന്‍ ഉണ്ടെന്നു വന്നതോടെ മുഖ്യമന്ത്രിയുടെയും അദ്ദേഹവുമായി അടുപ്പമുള്ള നേതാക്കളുടെയും വ്യക്തിവിരോധം തീര്‍ക്കാന്‍ കൂടി ഉപയോഗിക്കപ്പെട്ടു എന്നാണ് സംശയം.
ഷാജിര്‍ ഖാന്‍, ഭാര്യ മിനി, ശ്രീകുമാര്‍ എന്നിവര്‍ സിപിഎം വിരുദ്ധ നിലപാടുകളുള്ള എസ് യു സി ഐയുടെ പ്രവര്‍ത്തകരായതും പോലീസിന് നല്ല വടിയായി. എന്നാല്‍ ഷാജിര്‍ ഖാനും മിനിയും ശ്രീകുമാറും മഹിജയുടെ ബന്ധു ശ്രീജിത്ത് വിളിച്ചിട്ട് സഹായിക്കാന്‍ എത്തിയതാണെന്നും ഷാജഹാന് നേരത്തേ ഇവരെ പരിചയമില്ലെന്നും പുറത്തു വന്നുകഴിഞ്ഞു. ഇനി വ്യക്തമാകാനുള്ളത് തോക്കുസ്വാമിയുടെ സാന്നിധ്യത്തിനു പിന്നില്‍ ആരായിരുന്നു എന്നാണ്. ആ സംശയത്തിലേക്കാണ് പോലീസാണ് അയാളെ എത്തിച്ചത് എന്ന ആരോപണം മഹിജയുടെ ബന്ധുക്കള്‍ ഉയര്‍ത്തിയിരിക്കുന്നത്.
അതേസമയം, ഷാജിര്‍ഖാനെയും ഷാജഹാനെയും മറ്റും പുറത്തുവിട്ടാല്‍ അവര്‍ മാധ്യമങ്ങളോട് തുറന്നു പറയാന്‍ പോകുന്നത് എന്തായിരിക്കും എന്ന ആശങ്കയില്‍ അവരുടെ നാവടയ്ക്കാനും അവരേക്കുറിച്ചു തെറ്റിദ്ധാരണ ഉറപ്പിക്കാനുമാണ് പോലീസ് ഗൂഢാലോചനാ വാദം ഉയര്‍ത്തുന്നത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്തായാലും സംഭവം ഒതുക്കാനുള്ള എല്ലാ ശ്രമവും അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് സൂചന.

SHARE