ന്യൂയോര്‍ക്ക്: സമരത്തെ കയറിപ്പിടിച്ച് പെപ്‌സി പുലിവാല് പിടിച്ചു. ഒറ്റദിവസം കൊണ്ട് പരസ്യം പിന്‍വലിച്ച്്, ലോകത്തെ മധുരവെള്ളം കുടിപ്പിക്കുന്നവര്‍ തടി കഴിച്ചിലാക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ. ഗൗരവമുള്ള കാര്യങ്ങളുടെ കനം കുറയ്ക്കില്ലെന്ന് ഏറ്റുപറയുകയും ചെയ്തു.

ടെലിവിഷന്‍ താരം കെന്‍ഡാള്‍ ജെന്നലിനെ അഭിനയിപ്പിച്ച മേത്തരം പരസ്യത്തിനാണ് ഈ ഗതി വന്നത്. ചൊവ്വാഴ്ചയാണ് പരസ്യം യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. ബുധനാഴ്ച പിന്‍വലിക്കുകയും ചെയ്തു. അമേരിക്കയില്‍ അടുത്തിടെ സജീവമായ തെരുവുസമരങ്ങളെ വില കുറച്ചു കാണുന്നതാണ് പരസ്യമെന്നു വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരസ്യം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

തെരുവുസമരം സംഘര്‍ഷത്തിലേക്കു നീങ്ങുമ്പോള്‍ ജെന്നര്‍ പൊലീസുകാരുടെ അടുത്തേക്കു ചെന്ന് പെപ്‌സി കൊടുത്ത് സംഘര്‍ഷം ഒഴിവാക്കുന്നതായിരുന്നു പരസ്യം. സമരം ഏത് എന്നു വ്യക്തമല്ല. പക്ഷേ, അടുത്തിടെയായി അമേരിക്കയില്‍ നടക്കുന്ന കറുത്തവരുടെ സമരങ്ങളാണ് സൂചിപ്പിക്കപ്പെട്ടത് എന്നു പരക്കെ വിമര്‍ശനം ഉയര്‍ന്നു.

ഒരു പെപ്‌സിയും കൊണ്ട് സമരത്തിനു പോയിരുന്നെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യില്ലായിരുന്നു എന്നാണോ പരസ്യം പറയുന്നതെന്ന് ആക്ടിവിസ്റ്റ് ആയ ഡീറേ മക് കെസന്‍ ചോദിച്ചു. സോഡ വില്‍ക്കാന്‍ സമരങ്ങളെ ഉപയോഗിക്കുന്നോ എന്നു മുതല്‍ വെള്ളക്കാരിയായ ഒരു പണക്കാരി നടിയെ ഉപയോഗിച്ച് കറുത്തവരുടെ സമരങ്ങളെ നിന്ദിക്കുന്നോ എന്ന ചോദ്യം വരെ ഉയര്‍ന്നു. പിന്നാലെ പെപ്‌സി പരസ്യം പിന്‍വലിച്ചു മാപ്പു ചോദിക്കുകയും ചെയ്തു.

SHARE