നിങ്ങള്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരാണോ..? എങ്കില്‍ ശ്രദ്ധിക്കൂ

ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയില്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന പതിവ് മിക്കവരിലും ഉണ്ട്. തടി കുറയ്ക്കാന്‍ വേണ്ടി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരും ഉണ്ട്. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ശരീരത്തോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണെന്ന കാര്യം ആരും അറിയുന്നില്ല. ‘ബ്രേക്ക്ഫാസ്റ്റ്’ എന്ന് ഇതിനെ വിളിക്കുന്നത് മറ്റൊന്നും കൊണ്ടല്ല. ലളിതമായ പറഞ്ഞാല്‍ 10-12 മണിക്കൂറുകളുടെ ഇടവേളയ്ക്ക് ശേഷമുള്ള ആഹാരമാണിത്. പ്രഭാത ഭക്ഷണം ഒഴിവാക്കുക വഴി ശരീരത്തിന് ലഭിക്കേണ്ട പോഷകം ഒഴിവാക്കുകയാണ് ചെയ്യുന്നത്. ഇത് പിന്നീട് നിങ്ങളെ വലിയ ആരോഗ്യപ്രശ്‌നങ്ങളിലേക്കാവും നയിക്കുക. അതുകൊണ്ട് പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടു തന്നെ നിങ്ങളുടെ ഒരു ദിവസം ആരംഭിക്കുക.

നിങ്ങള്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുക വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും. ശരീരത്തിന് ആവശ്യമായ ഗ്ലൈക്കോജന്‍ ഭക്ഷണത്തിലൂടെയാണ് ലഭിക്കുന്നത്. ഇത് കിട്ടാതെ വരുമ്പോള്‍ ഇന്‍സുലിന്റെ അളവിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോള്‍ വിശപ്പും ക്ഷീണവും ഒരേപോലെ അസ്വസ്ഥത സൃഷ്ടിക്കും. പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോള്‍ നിങ്ങളുടെ ചുറുചുറുക്ക് നഷ്ടപ്പെടും. ശരീരത്തിനാവശ്യമായ ഗ്ലൂക്കോസ് ലഭിക്കാതെ വരുമ്പോള്‍ പേശികളില്‍ ലഭ്യമായ ഗ്ലൂക്കോസ് അത്രയും ശരീരം പിന്‍വലിക്കുന്നതാണ് ഇതിന് കാരണം. ഇത് ദിവസം മുഴുവന്‍ നിങ്ങളുടെ പ്രവര്‍ത്തനശേഷിയെ ബാധിക്കും.

സ്ഥിരമായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരില്‍ ഹൃദയസംബന്ധിയായ രോഗങ്ങള്‍, അമിതഭാരം എന്നിവയ്ക്കുള്ള സാദ്ധ്യതയും കൂടുതല്‍ ആണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഭക്ഷണം കഴിക്കാതെയുള്ള മണിക്കൂറുകളുടെ ഇടവേളയ്ക്ക് ശേഷം ശരീരത്തിന് ഒരു ബ്രേക്ക് ആവശ്യമായി വരുന്നുണ്ട്. കാരണം, തലച്ചോറിനും ശരീരത്തിനും ഊര്‍ജ്ജം ആവശ്യമായി വരുന്നു. ജീവകങ്ങളും പോഷകങ്ങളും നിറഞ്ഞ സന്തുലിതമായ ആഹാരമാണ് പ്രഭാതത്തില്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍ അത് ഏറെ ഗുണം ചെയ്യും. അന്നത്തെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഊര്‍ജ്ജസ്വലതയോടെയിരിക്കാനും അത് സഹായിക്കും. അതുകൊണ്ട് എന്നും പ്രഭാത ഭക്ഷണം കഴിച്ചുവെന്ന് ഉറപ്പ് വരുത്തുക.

രാവിലെ സമയക്കുറവ് പ്രശ്‌നമാവുന്നുണ്ടെങ്കില്‍ കുറച്ചുകൂടി നേരത്തെ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുക. രാത്രിക്ക് മുമ്പ് തന്നെ പ്രഭാത ഭക്ഷണമെന്തായിരിക്കണമെന്ന തീരുമാനത്തിലെത്തുക. പ്രഭാത ഭക്ഷണത്തില്‍ ആരോഗ്യകരമായ പുതിയ ആശയങ്ങള്‍ പ്രായോഗികമാക്കാന്‍ ശ്രമിക്കുക.

SHARE