ബൈക്ക് വാങ്ങിയാല്‍ സ്‌കൂട്ടര്‍ ഫ്രീ, ബിഎസ് 3 വാഹനങ്ങളുടെ വില്‍പ്പന നിരോധിച്ച സാഹചര്യത്തില്‍ വന്‍ഓഫറുകളുമായി വിതരണക്കാര്‍

ഏപ്രില്‍ ഒന്നുമുതല്‍ ബിഎസ് 3 വാഹനങ്ങളുടെ വില്‍പ്പന നിരോധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കെട്ടിക്കിടക്കുന്ന ഇരുചക്രവാഹനങ്ങള്‍ വിറ്റു തീര്‍ക്കാന്‍ വന്‍ഓഫറുകളുമായി വിതരണക്കാര്‍. മാര്‍ച്ച് 31 വരെ വില്‍ക്കുന്ന വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്തു നല്‍കാം എന്ന കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വന്‍ ഓഫറുകളുമായി ഇരുചക്രവാഹന വിതരണക്കാര്‍ വന്നിരിക്കുന്നത്. സ്‌കൂട്ടറുകള്‍ അടക്കമുള്ള ചെറു വാഹനങ്ങള്‍ക്ക് 20000 രൂപ വരെ വിലക്കിഴിവ് നല്‍കുമ്പോള്‍ പ്രീമിയം ബൈക്കുകളുടെ കൂടെ സ്‌കൂട്ടറുകളും ചില വിതരണക്കാര്‍ ഫ്രീയായി നല്‍കുന്നു.

ഹോണ്ടയുടെ വാഹനങ്ങള്‍ക്ക് 22000 രൂപവരെയും ഹീറോയുടെ വാഹനങ്ങള്‍ക്ക് 12500 രൂപവരെയും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്റ്റോക്ക് എത്രയും വേഗം വിറ്റഴിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് മനം മയക്കുന്ന ഓഫറുകള്‍ നല്‍കുന്നത്.

വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാം സൂപ്രീംകോടതിക്കു നല്‍കിയ കണക്കുകള്‍ പ്രകാരം 2010 മുതല്‍ രാജ്യത്തെ 41 കമ്പനികള്‍ 13 കോടി ബിഎസ് 3 വാഹനങ്ങളാണു നിര്‍മിച്ചത്. ഇതില്‍ 8.24 ലക്ഷം വാഹനങ്ങള്‍ ഇനിയും വിറ്റഴിക്കപ്പെടാതെ ബാക്കിയാണ്. അതില്‍ 6.71 ലക്ഷം ഇരുചക്ര വാഹനങ്ങളും 96,000 ട്രക്കുകളും 16,000 കാറുകളുമാണുള്ളത്.

കോടതി ഉത്തരവു പ്രകാരം വില്‍ക്കാനാകാത്ത ബിഎസ്3 വാഹനങ്ങള്‍ ബിഎസ്4 നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിയില്ലെന്ന് കമ്പനികള്‍ പറഞ്ഞു. നഷ്ടമൊഴിവാക്കാന്‍ ആകെ ചെയ്യാവുന്നത് ആഭ്യന്തര വിപണിയില്‍ ഇവ വില്‍ക്കുകയും ബാക്കിയുള്ളവ കയറ്റി അയയ്ക്കാന്‍ ശ്രമിക്കുകയെന്നതുമാണ്. ബിഎസ്3ക്ക് തുല്യമായ യൂറോ ചട്ടങ്ങള്‍ ബാധകമായ രാജ്യങ്ങളിലേക്കു മാത്രമേ ഇവ കയറ്റിയയ്ക്കാന്‍ കഴിയു. ഇരുചക്ര വാഹനങ്ങളുടെ കാര്യത്തില്‍ ഇത് എളുപ്പമാകാത്തതിനാലാണു വലിയ ഓഫറുകള്‍ നല്‍കി ഇവിടെത്തന്നെ വില്‍ക്കാനുള്ള ശ്രമം നടക്കുന്നത്.

SHARE