ഇരുചക്ര വാഹനങ്ങള്‍ക്ക് 20,000 രൂപ വരെ വിലക്കുറവ്

തിരുവനന്തപുരം: ബൈക്കിന് 40 ശതമാനംവരെ വിലക്കുറവ്. ഇളവ് വെള്ളിയാഴ്ച കൂടി മാത്രം. മലിനീകരണ നിയന്ത്രണ മാനദണ്ഡമായ ഭാരത് സ്റ്റേജ് 4 കര്‍ശനമാക്കുന്നതിനുമുമ്പ് കൈവശമുള്ള ഇരുചക്ര വാഹനങ്ങള്‍ ഡീലര്‍മാര്‍ വമ്പന്‍ ഇളവുകളോടെ വില്‍ക്കുകയാണ്. ഭാരത് സ്റ്റേജ് 3 വാഹനങ്ങള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ രജിസ്‌ട്രേഷന്‍ അനുവദിക്കില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനമാണ് വിറ്റഴിക്കല്‍ മേളയിലേക്ക് നയിച്ചത്.

മിക്ക ഷോറുമൂകളിലും വ്യാഴാഴ്ച വന്‍ തിരക്കായിരുന്നു. വില്‍പന കുറഞ്ഞ മോഡലുകള്‍ക്കാണ് വമ്പന്‍ ഇളവുകള്‍ നല്‍കിയത്. ഭാരത് സ്റ്റേജ് 4 ലേക്ക് ഭൂരിഭാഗം ഇരുചക്രവാഹനങ്ങളും മാറിയിരുന്നില്ല. വില്‍ക്കാന്‍ അനുമതി കിട്ടുമെന്ന പ്രതീക്ഷയില്‍ മിക്കഷോറൂമുകളിലും പുതിയ വാഹനങ്ങള്‍ സൂക്ഷിച്ചിരുന്നു. വെള്ളിയാഴ്ച കൂടി മാത്രമേ ഇവ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളൂ.

ഡീലര്‍മാരുടെ കൈവശമുള്ള വാഹനങ്ങള്‍ പരമാവധി വിറ്റഴിക്കാന്‍ വാഹന നിര്‍മാണ കമ്പനികള്‍ നിര്‍ദേശം നല്‍കി. ഡീലര്‍ഷിപ്പുകളിലുള്ള ഭാരത് സ്റ്റേജ് 3 വാഹനങ്ങള്‍ വെള്ളിയാഴ്ചയ്ക്ക് മുമ്പ് വിറ്റില്ലെങ്കില്‍ തിരിച്ചെടുക്കേണ്ടിവരും. ഇതൊഴിവാക്കാനാണ് വിലക്കുറവ് നല്‍കുന്നത്. വെള്ളിയാഴ്ച ഉച്ചവരെ മാത്രമേ ഇവ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളൂ.

SHARE