കണ്ണൂര്‍ കനകമലയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് അനുകൂലികള്‍ ഗൂഢാലോചന നടത്തിയെന്ന് എന്‍.ഐ.എ കുറ്റപത്രം

കൊച്ചി: കണ്ണൂര്‍ കനകമലയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് അനുകൂലികള്‍ ഒത്തു ചേര്‍ന്ന് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. എട്ട് പേര്‍ക്കെതിരെയാണ് കുറ്റപത്രം. പ്രതികളിലൊരാളായ മുഹമ്മദ് ഫയാസിനെ മാപ്പുസാക്ഷിയാക്കി. കനകമലയില്‍ ഗൂഢാലോചന നടത്തിയവരെ കഴിഞ്ഞ ഒക്‌ടോബറിലാണ് എന്‍.ഐ.എ പിടികൂടിയത്. രണ്ട് ഹൈക്കോടതി ജഡ്ജുമാരെയും ഒരു പോലീസ് ഉദ്യോഗസ്ഥനെയും വധിക്കാന്‍ ഇവര്‍ പദ്ധിയിട്ടിരുന്നു.

കൊച്ചിയില്‍ ജമാഅത്തെ ഇസ്ലാമിയുടെ സമ്മേളനത്തിലേക്ക് വാഹനമിടിച്ച് കയറ്റാനും സംഘം ഗൂഢാലോചന നടത്തി. സംഭവുമായി ബന്ധപ്പെട്ട് കനകമലയില്‍ യോഗം ചേര്‍ന്നവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കാളിയായവരും ഉള്‍പ്പെടെ 15 പേരെയാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ഇതില്‍ എട്ട് പേരെ പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

മന്‍സീത്, സ്വാലിഹ് മുഹമ്മദ്, റഷീദ് അലി, എന്‍.കെ റംഷാദ്, ഷഹ്വാന്‍, എന്‍.കെ ജാസിന്‍, സജീര്‍ മംഗലശേരി, സുബ്ഹാനി ഹാജ് മൊയ്തീന്‍ എന്നിവരാണ് പ്രതികള്‍. ഇവര്‍ക്കെതിരെ യു.എ.പി.എ നിയമപ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്. മാപ്പ് സാക്ഷിയാക്കിയ മുഹമ്മദ് ഫയാസ് അഞ്ചാം പ്രതിയായിരുന്നു. കേസില്‍ പിടിയിലായ മറ്റ് ആറ് പേര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

സുബ്ഹാനി ഹാജ് മൊയ്തീന്‍ ഇസ്ലാമിക് സ്‌റ്റേറ്റിന് വേണ്ടി യുദ്ധം ചെയ്തയാളാണെന്ന് എന്‍.ഐ.എ വ്യക്തമാക്കിയിരുന്നു. 2015 ഏപ്രിലില്‍ ഇറാഖിലെത്തി ആയുധ പരിശീലനം നേടിയ ശേഷമാണ് സുബ്ഹാനി ഐ.എസിന് വേണ്ടി യുദ്ധം ചെയ്തത്.

SHARE