ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ വേണ്ടെന്നു സുപ്രീം കോടതി; ഉച്ചഭക്ഷണത്തില്‍ മണ്ണുവാരിയിട്ട കേന്ദ്രത്തിന് തിരിച്ചടി

ന്യൂഡല്‍ഹി: ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ സുപ്രിം കോടതിയുടെ തിരിച്ചടി. ക്ഷേമ പദ്ധതികളുടെ ഗുണഫലം അനുഭവിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് എന്ന് സുപ്രിം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹര്‍ അധ്യക്ഷനായുള്ള ഏഴംഗ ബെഞ്ചാണ് ക്ഷേമ പദ്ധതിക്കള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് ഉത്തരവിട്ടത്. എന്നാല്‍ ക്ഷേമ കാര്യ പദ്ധതികളല്ലത്തവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ടെന്നും കോടതി പറഞ്ഞു.

സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനെ ചോദ്യം ചെയ്ത് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പുതിയ കോടതിയുടെ ഉത്തരവ്.

ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പ്, ഉച്ചഭക്ഷണം, പിന്നോക്ക വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യം, വികലാംഗ ക്ഷേമ പെന്‍ഷന്‍ തുടങ്ങിയ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് ജനജീവിതത്തെ മോശമായി ബാധിച്ചതാണ് സുപ്രിം കോടതി ഉത്തരവിനെ സ്വാധീനിച്ചത്. നിലവില്‍ പാചക വാതക സബ്‌സിഡി ലഭിക്കണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണ്. റേഷന്‍ സബ്‌സിഡി ലഭിക്കണമെങ്കില്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് ഉത്തരവിറക്കിയിരുന്നു.

എല്ലാ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപകമായ എതിര്‍പ്പ് രൂപപ്പെട്ടിരുന്നു. ഫോണ്‍ നമ്പറെടുക്കാനും, റീചാര്‍ജിനും, ഡ്രൈവിങ്ങ് ലൈസന്‍സിനും കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

SHARE