പോസ്റ്റ് ഓഫീസ് എടിഎം സംവിധാനത്തെ തകര്‍ക്കാന്‍ തന്ത്രവുമായി വാണിജ്യ ബാങ്കുകള്‍

തൊട്ടതിനും പിടിച്ചതിനുമൊക്കെ വാണിജ്യ ബാങ്കുകള്‍ സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കി തുടങ്ങിയതിനെ തുടര്‍ന്നാണ് ജനങ്ങള്‍ ഒരു രൂപ പോലും ഈടാക്കാത്ത പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളെ സ്വീകരിച്ചു തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ പോസ്റ്റ് ഓഫീസ് അക്കൗണ്ട് സംവിധാനത്തെ തകര്‍ക്കുന്ന നടപടികളാണ് ബാങ്കുകള്‍ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നത്.

നിശ്ചിത പരിധിയില്‍ കൂടുതല്‍ തവണ ഇടപാടുകള്‍ക്കായി വാണിജ്യ ബാങ്കുകളുടെ എടിഎമ്മുകള്‍ ഉപയോഗിച്ചാല്‍ അധികം ഉപയോഗിക്കുന്ന ഓരോ ഇടപാടുകള്‍ക്കും 23 രൂപ നല്‍കണം എന്ന നിബന്ധനയാണ് ബാങ്കുകള്‍ ഇപ്പോള്‍ നടപ്പിലാക്കുന്നത്.

പണം പിന്‍വലിക്കുന്നതിനു പുറമേ മറ്റ് ഇടപാടുകള്‍ക്കും ഈ നിബന്ധന ബാധകമാണ്. ഇന്ത്യന്‍ തപാല്‍ ബാങ്കിങ്ങ് ശൃംഖലയുടെ വലിപ്പവുമായി തട്ടിച്ചു നോക്കിയാല്‍ സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പു വരെ തോറ്റു പോകും. ഒന്നര ലക്ഷം ശാഖകളാണ് തപാല്‍ വകുപ്പിനുള്ളത്. ഇതില്‍ 1.3 ലക്ഷം ഗ്രാമങ്ങളിലും 25,000 ശാഖകള്‍ നഗരങ്ങളിലുമാണ്. സ്റ്റേറ്റ് ബാങ്കുകള്‍ എല്ലാം കൂടിച്ചേര്‍ന്നാലും 25,000 ശാഖകളേ ഒള്ളൂ. വ്യാപ്തിയുടെ കാര്യത്തില്‍ ഒരു ഭീമന്‍ തന്നെയാണ് ഇന്ത്യന്‍ തപാല്‍ വകുപ്പ്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ ലോകത്തെ തന്നെ വലിയ ബാങ്കുകളില്‍ ഒന്നായി പോസ്റ്റ് ഓഫീസ് ബാങ്ക് മാറിയേക്കും. 2016 ഡിസംബര്‍ 27 വരെയുള്ള കണക്കെടുത്താല്‍ 23,091 പോസ്റ്റ് ഓഫീസ് ശാഖകളാണ് കോര്‍ ബാങ്കിങ്ങ് സേവനങ്ങളിലേക്ക് മാറിയത്. 968 പിഒഎസ്ബി എടിഎം കൗണ്ടറുകളും പ്രവര്‍ത്തനസജ്ജമായിരുന്നു.

SHARE