റോയല്‍ എന്‍ഫീല്‍ഡ് അടക്കി വാഴുന്ന ക്രൂസര്‍ സെഗ്മെന്റിലേയ്ക്ക് ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ ഹോണ്ടയുമെത്തുന്നു. 350സിസി മുതല്‍ 500 സിസി വരെയുള്ള സെഗ്മെന്റിലേയ്ക്കാണ് ഹോണ്ട പുതിയ ബൈക്ക് പുറത്തിറക്കുക. പുതിയ ബൈക്ക് വികസിപ്പിക്കുന്നതിനായി ജപ്പാന്‍, തായ്‌ലാന്‍ഡ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എന്‍ജിനേയറുമാരെ ഉള്‍പ്പെടുത്തി ടീമും രൂപീകരിച്ചെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

പുതിയ ബൈക്കിനെ ജപ്പാനിലേക്ക് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യാനും കമ്പനിക്ക് പദ്ധതിയുണ്ടെന്നാണ് അറിയുന്നത്. നിലവില്‍ രാജ്യാന്തര വിപണിയില്‍ വില്‍പ്പനയിലുള്ള റിബല്‍ 200ന്റെ ഡിസൈനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ബൈക്ക് നിര്‍മിക്കുക. ജപ്പാനില്‍ ഇരുചക്ര വിപണിയുടെ വളര്‍ച്ച നിരക്ക് കുറഞ്ഞത് ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നതിനായി പ്രേരിപ്പിക്കുന്ന ഘടകമാണ്.

കൂടാതെ കഴിഞ്ഞ കുറച്ചു നാളില്‍ റോയല്‍ എന്‍ഫീല്‍ഡ് നേടിയ വളര്‍ച്ചയും കമ്പനി വിലയിരുത്തും. അതുകൊണ്ട് തന്നെ ക്ലാസിക്ക് ലുക്കിലുള്ളൊരു ക്രൂസര്‍ ബൈക്ക് നിര്‍മിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ മികച്ച വില്‍പ്പനയുള്ള ക്ലാസിക്ക് 350 ബൈക്കിനോടാണ് പുതിയ ബൈക്ക് മത്സരിക്കുക. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും അധികം വില്‍പ്പനയുള്ള അഞ്ചു ബൈക്കുകളിലൊന്ന് ക്ലാസിക്ക് 350 ആണ്.

SHARE