മെയ്ക്ക്പ്മാനെ പ്രയാഗ അടിച്ചുവെന്നത് വ്യാജ പ്രചരണം; സംഭവിച്ചത് നേരെ മറിച്ച്; സെറ്റിലുണ്ടായ സംഭവം വിശദീകരിച്ച് പ്രയാഗ മാര്‍ട്ടിന്‍

നടി പ്രയാഗ മാര്‍ട്ടിന്‍ അഭിനയിച്ചുകൊണ്ടിരുന്ന സിനിമയുടെ സെറ്റില്‍ മേക്കപ്പ്മാനെ തല്ലിയെന്ന് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. പി.ടി.കുഞ്ഞുമുഹമ്മദിന്റെ പുതിയ ചിത്രം ‘വിശ്വാസപൂര്‍വ്വം മുന്‍സൂറി’ലാണ് പ്രയാഗ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ സെറ്റില്‍ ഇത്തരത്തിലൊരു സംഭവം നടന്നതായി ചിത്രത്തിന്റെ കലാസംവിധായകന്‍ തന്നെയായ ഗിരീഷ് മേനോനാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. സംവിധായകന്റെ നിര്‍ദേശപ്രകാരം കഥാപാത്രം ആവശ്യപ്പെടുന്ന ‘ഡള്‍ മേക്കപ്പ്’ ഇടാന്‍ മേക്കപ്പ്മാന്‍ സമീപിച്ചപ്പോഴാണ് നടിയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായതെന്നും മുഴുവന്‍ യൂണിറ്റിന്റെയും മുന്നില്‍വെച്ച് അദ്ദേഹത്തെ അടിച്ചുവെന്നുമായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതിന് ഒട്ടേറെ ഷെയറുകളും ലൈക്കുകളും ലഭിച്ചു. പ്രയാഗയെ കുറ്റപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണവുമുണ്ടായി. പക്ഷേ തെറ്റായ പ്രചരണമാണ് നടന്നതെന്നും നടന്നത് നേരെ മറിച്ചാണെന്നും പ്രയാഗ മാര്‍ട്ടിന്‍ പറയുന്നു.

സംഭവം ഇങ്ങനെ:

‘ഗിരീഷ് മേനോന്‍ എന്ന കലാസംവിധായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തീര്‍ത്തും അസത്യമാണ്. മേക്കപ്പ്മാന്റെ ഭാഗത്തുനിന്ന് എനിക്കാണ് ദുരനുഭവം ഉണ്ടായത്. സാധാരണ രീതിയിലുള്ള മേക്കപ്പൊന്നും ഇല്ലാത്ത ഒരു സിനിമയാണിത്. കലാപത്തിന്റെ ഇരയായ മുംതാസ് എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ നാലരയ്ക്ക് എടുക്കേണ്ട ഒരു ഷോട്ടായിരുന്നു. തലശ്ശേരി ബ്രണ്ണന്‍ കോളെജിലെ ലൈബ്രറിയിലായിരുന്നു ചിത്രീകരണം. ആ ഷോട്ടില്‍ കഥാപാത്രത്തിന് അല്‍പം കരുവാളിപ്പുള്ള മുഖമാണ് വേണ്ടത്. അതിന് ഒരു ഡള്‍ മേക്കപ്പായിരുന്നു വേണ്ടത്. സംവിധായകന്റെ ആവശ്യപ്രകാരം റഹിം എന്ന മേക്കപ്പ്മാന്‍ എത്തി. മേക്കപ്പ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ ‘ഇത്രയും മതി’യെന്ന് ഞാന്‍ പറഞ്ഞു. നീയൊക്കെ ആരാണെന്നാണ് വിചാരമെന്നായിരുന്നു പ്രതികരണം. തുടര്‍ന്ന് അയാള്‍ ബഹളമുയര്‍ത്തി സംസാരിക്കാന്‍ തുടങ്ങി. ഇത് കണ്ട് പി.ടി സാര്‍ പോലും അത്ഭുതപ്പെട്ടു. സ്വതവേ ശാന്തമായി സംസാരിക്കുന്നയാളാണല്ലോ അദ്ദേഹം. പ്രശ്‌നങ്ങള്‍ ഒഴിവാക്കി സിനിമ പൂര്‍ത്തിയാക്കട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ക്ലൈമാക്‌സ് രംഗം എടുക്കുമ്പോഴായിരുന്നു സംഭവം..’

മേക്കപ്പ്മാന്‍ അതൃപ്തി കാട്ടിയെങ്കിലും സംവിധായകനും ക്യാമറാമാനുമൊക്കെ തൃപ്തികരമായിരുന്നു അപ്പോഴത്തെ മേക്കപ്പ്. തുടര്‍ന്ന് ആ സീനിന്റെ ചിത്രീകരണം നടന്നു. ശേഷം വാഹനത്തിലിരിക്കുകയായിരുന്നു അമ്മയോട് ഞാന്‍ കാര്യം പറഞ്ഞു. ഇതേക്കുറിച്ച് ചോദിക്കാനായി അമ്മ മേക്കപ്പ്മാന്റെ മുന്നിലെത്തി. നിങ്ങള്‍ എന്താണ് എന്റെ മകളോട് അപമര്യാദയായി പെരുമാറിയത് എന്ന് ചോദിച്ചു. മകള്‍ എന്തുപറഞ്ഞാലും നിങ്ങള്‍ കേള്‍ക്കുമോ എന്നായി ചോദ്യം. തുടര്‍ന്ന് അമ്മയോടും തട്ടിക്കയറി. ഹിസ്റ്റീരിയ ബാധിച്ചതുപോലെയായിരുന്നു അയാളുടെ പെരുമാറ്റം. മര്യാദയ്ക്ക് സംസാരിക്കണമെന്ന് ഞാന്‍ പറഞ്ഞു. എന്റെ നേര്‍ക്ക് കൈ ചൂണ്ടാന്‍ നീ ആയോ, നീയൊരു പെണ്ണല്ലേ എന്ന് ചോദിച്ചു. തുടര്‍ന്ന് എന്നെ അങ്ങേയറ്റം അപമാനിക്കുന്ന രീതിയില്‍ അടിമുടി ഒരു നോട്ടം നോക്കി. ഞാനൊരു പെണ്ണ് തന്നെയാണെന്ന് മറുപടി കൊടുത്തു. അപ്പോള്‍ അയാളെന്റെ വലതുകൈ പിടിച്ചുതിരിച്ചു. ഇടത്തേ കൈ തട്ടുകയും ചെയ്തു. അപ്പോള്‍ സെറ്റിലെ രണ്ടുപേര്‍ വന്ന് അയാളെ പിടിച്ചുമാറ്റി. ഷോട്ട് എടുത്തതിന് ശേഷമുള്ള സംഭവമാണിത്. ഇത് നടക്കുമ്പോള്‍ സംവിധായകനോ ക്യാമറാമാനോ അടുത്തില്ല. അപ്പോഴേക്ക് എറണാകുളത്തുനിന്ന് അച്ഛന്‍ സ്ഥലത്തെത്തി.

പ്രയാഗയുടെ അച്ഛന്റെ വാക്കുകളിലേക്ക്…

പരാതിയില്‍ പരിഹാരമുണ്ടാക്കാമെന്ന് പി.ടി. ഉറപ്പ് നല്‍കി. തുടര്‍ന്ന് സംവിധായകന്റെ മുറിയില്‍ എല്ലാവരുടെയും സാന്നിധ്യത്തില്‍ മേക്കപ്പ്മാനും രണ്ട് സഹായികളുമെത്തി. പി.ടി.യും എം.ജെ.രാധാകൃഷ്ണനും അദ്ദേഹത്തിന്റെ മകനും ചിത്രത്തിലെ നായകന്‍ റോഷന്‍ മാത്യുവും പ്രയാഗയും ഞാനും ഭാര്യയുമുണ്ടായിരുന്നു അവിടെ. മേക്കപ്പ്മാന്‍ റഹിം അവിടെവെച്ച് മാപ്പ് പറഞ്ഞു. അതിന്റെ വീഡിയോ പകര്‍ത്തിയിട്ടുണ്ട്. ഒരു പെണ്ണ് കൈ ചൂണ്ടിയപ്പോള്‍ പ്രകോപിതനായെന്നാണ് അയാള്‍ പറഞ്ഞത്. പി.ടി.സാറും പറഞ്ഞു, ഇതൊരു ചെറിയ സിനിമയാണെന്നും സിനിമയ് ക്കൊന്നും സംഭവിക്കരുതെന്നും. മാപ്പ് പറഞ്ഞില്ലേ, ഇനി പൊലീസ് കേസിലേക്കൊന്നും പോകരുതെന്ന് അദ്ദേഹത്തിന്റെ റിക്വസ്റ്റ് ആയിരുന്നു.

റഹിം വന്ന് മാപ്പ് പറഞ്ഞതിനെത്തുടര്‍ന്ന് ആ വിഷയം നമ്മള്‍ വിട്ടു. അതിനുശേഷമാണ് ഗിരീഷ് മേനോന്‍ എന്ന കലാസംവിധായകന്‍ ഇത്തരത്തിലൊരു പോസ്റ്റിട്ടത്. ഇത്തരത്തിലൊരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ വന്നിട്ടുണ്ടെന്നുപറഞ്ഞ് ഒന്‍പത് മണിക്കാണ് എനിക്കൊരു കോള്‍ വരുന്നത്. പ്രയാഗ മേക്കപ്പ്മാനെ തല്ലി എന്നുപറഞ്ഞായിരുന്നു ആ പോസ്റ്റ്. ഉടനെ പി.ടി.യെ വിളിച്ച് കാര്യം പറഞ്ഞു. നോക്കാമെന്ന് അദ്ദേഹം പറഞ്ഞു. ‘അമ്മ’യുമായി ബന്ധപ്പെട്ടു. അമ്മ ഉടന്‍ നടപടികള്‍ സ്വീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ടു. ബി.ഉണ്ണികൃഷ്ണനുമായി സംസാരിച്ചു. ആന്റോ ജോസഫുമായും രണ്‍ജി പണിക്കരുമായും സംസാരിച്ചു.

ചിത്രത്തില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആശ ശരത്ത് ഞങ്ങളുടെ മുറിയിലെത്തി സംസാരിച്ചു. വളരെ സപ്പോര്‍ട്ടീവായിരുന്നു ആശ. ഇന്റസ്ട്രിയില്‍ ഒരു വലിയ വാര്‍ത്തയാവാതെ പ്രശ്‌നം പരിഹരിക്കാമെന്നാണ് അവരൊക്കെ പറഞ്ഞത്. പ്രശ്‌നം പറഞ്ഞുതീര്‍ക്കാമെന്നായിരുന്നു ഉയര്‍ന്നുവന്ന പൊതുഅഭിപ്രായം. അതുകൊണ്ടാണ് മറ്റെങ്ങും പരാതിയുമായി പോകാതിരുന്നത്. പക്ഷേ വൈകിട്ട് ആറ് മണിവരെ ഈ കലാസംവിധായകനെ ഫോണില്‍ കിട്ടുന്നുണ്ടായിരുന്നില്ല. പ്രയാഗയെക്കുറിച്ച് മാത്രമല്ല, ഇന്റസ്ട്രിയിലെ സ്ത്രീകളെ മൊത്തത്തില്‍ ആക്ഷേപിക്കുന്ന തരത്തിലായിരുന്നു അശ്ലീലം കലര്‍ന്ന ഭാഷയിലെഴുതിയ പോസ്റ്റ്.

വൈകിട്ട് അഞ്ച് മണിയായപ്പോള്‍ ഗിരീഷ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് എഡിറ്റ് ചെയ്യപ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. എന്റെ വിഷമം കൊണ്ടിട്ട പോസ്റ്റാണെന്നും അത് പിന്‍വലിക്കുകയാണെന്നുമൊക്കെ പറഞ്ഞായിരുന്നു എഡിറ്റിംഗ്. പക്ഷേ ആ പോസ്റ്റിന്റെ കമന്റുകളും ഷെയറുകളും ലൈക്കുകളുമൊക്കെ അതുപോലെതന്നെ നിന്നിരുന്നു. അതിനിടെ ഷൂട്ടിംഗിനെത്തണമെന്ന് പറഞ്ഞ് ലൊക്കേഷനില്‍നിന്ന് വിളി വന്നു. പക്ഷേ അത് പറ്റില്ലെന്നും പോസ്റ്റ് ഡിലീറ്റ് ചെയ്യാതെ സഹകരിക്കേണ്ടെന്നാണ് ‘അമ്മ’യില്‍ നിന്ന് അറിയിച്ചതെന്നും മറുപടി പറഞ്ഞു. ആറ് മണിയായപ്പോള്‍ അയാള്‍ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു. തുടര്‍ന്ന് ‘അമ്മ’യില്‍നിന്ന് ഇടവേള ബാബു വിളിച്ചുപറഞ്ഞു, ഇനി സിനിമയില്‍ പങ്കെടുത്തുകൂടേ എന്ന്. വൈകീട്ട് സെറ്റിലെത്തിയിട്ട് തിങ്കളാഴ്ച പുലര്‍ച്ചെ നാലര വരെ പ്രയാഗ ഷൂട്ടിംഗില്‍ പങ്കെടുത്തു.

പക്ഷേ ഇങ്ങനെയൊരു പ്രചാരണമുണ്ടായെങ്കിലും സോഷ്യല്‍ മീഡിയയില്‍നിന്ന് മോശം അനുഭവമുണ്ടായില്ലെന്നും മാര്‍ട്ടിന്‍ പറയുന്നു. ‘ഇതേക്കുറിച്ച് പ്രതികരിക്കേണ്ടെന്ന് ആദ്യം കരുതിയതാണ്. പക്ഷേ ചില മാധ്യമങ്ങളിലൊക്കെ പ്രയാഗ മേക്കപ്പ്മാനെ അടിച്ചുവെന്ന് വാര്‍ത്ത വന്നതിനാല്‍ പ്രതികരിക്കണമെന്ന് തോന്നി. റഹിമിനെയും ഗിരീഷ് മേനോനെയും കുറിച്ച് ‘അമ്മ’യില്‍ മാത്രമേ പരാതി കൊടുത്തിട്ടുള്ളൂ. സൈബര്‍ സെല്‍ ഉദ്യോഗസ്ഥരോട് കാര്യം ധരിപ്പിച്ചിട്ടുണ്ട്. പക്ഷേ രേഖാമൂലമുള്ള പരാതി കൊടുത്തിട്ടില്ല’, മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ക്കുന്നു.

SHARE