ഒന്‍പതാം ക്ലാസുകാരന്‍ അനാഥാലയത്തില്‍ മേല്‍നോട്ടക്കാരിയുടെ ലൈംഗിക പീഡനത്തിനിരയായി

പാലക്കാട്: ഒന്‍പതാം ക്ലാസുകാരന്‍ അനാഥാലയത്തില്‍ ലൈംഗിക പീഡനത്തിനിരയായ സംഭവം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ബാലാവകാശ കമ്മീഷനും കേസെടുക്കാതെ ഒതുക്കിത്തീര്‍ത്തു. പ്രതിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിക്കാതെ, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ഹിയറിങില്‍ തീരുമാനമൊന്നുമെടുക്കാതെ ബാലാവകാശ കമ്മീഷനും നടപടികളില്‍ ഗുരുതര വീഴ്ച വരുത്തിയതായാണ് ആരോപണം.

പാലക്കാട് കല്‍പാത്തി സ്വദേശിയായ വിമുക്ത നാവിക സേനാ ഉദ്യോഗസ്ഥന്റെ മകനാണ് അനാഥാലയത്തില്‍ ദുരനുഭവമുണ്ടായത്. ഭാര്യ മരിച്ചതിനെ തുടര്‍ന്ന് ജോലിക്ക് പോകാന്‍ നിവൃത്തിയില്ലാതെ വിമുക്ത ഭടന്‍ മൂത്ത ആണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സഹായത്തോടെ കൊഴിഞ്ഞാമ്പാറക്കടുത്ത് ഇലപ്പുള്ളിയിലെ സിജിഎം ഓര്‍ഫനേജിലാക്കുകയായിരുന്നു. ഹോസ്റ്റലിലെ വാര്‍ഡനായ ബിന്ദു കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു.

കുട്ടിയെ അനാഥാലയം നടത്തിപ്പുകാരനും ജീവനക്കാരും സ്ഥിരമായി മര്‍ദിപ്പിക്കുമായിരുന്നുവെന്നും പരാതിയുണ്ട്. പല്ലില്‍ കമ്പിയിട്ടിരുന്ന കുട്ടിയുടെ വായില്‍ മര്‍ദനത്തെ തുടര്‍ന്ന് മുറിവേറ്റ് അണുബാധയുണ്ടായി. അനാഥാലയത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതായി പരാതിയുയര്‍ന്നതോടെ, ഈ കുട്ടികളെ ഇവിടെ നിന്ന് മാറ്റി. സിഡബ്ല്യൂസി, ചൈല്‍ഡ് ലൈന്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് എന്നിവയില്‍ പരാതിപ്പെട്ടെങ്കിലും പോലീസിനോട് അന്വേഷിക്കാന്‍ ഉത്തരവിട്ടില്ല. ഇതോടെയാണ് ബാലാവകാശ കമ്മീഷനെ സമീപിച്ചത്.

പൊലീസിനോടും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിനോടും റിപ്പോര്‍ട്ട് തേടിയെങ്കിലും പീഡിപ്പിച്ച വാര്‍ഡന്‍ ഇപ്പോള്‍ ജോലി ചെയ്യുന്നില്ലെന്നും പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതായി അവരാരും മൊഴി നല്‍കിയില്ലെന്നും റിപ്പോര്‍ട്ട് നല്‍കി. ഇതോടെ, ജുവനൈല്‍ ആക്ട് പ്രകാരമുള്ള സംവിധാനങ്ങളൊരുക്കണമെന്ന നിര്‍ദേശത്തോടെ കമ്മീഷന്‍ നടപടികള്‍ അവസാനിപ്പിച്ചു.

SHARE