വസ്ത്രങ്ങളില്‍ മൂടിപ്പൊതുഞ്ഞ് ശരീരം സൂക്ഷിക്കുന്ന സ്ത്രീകളും സ്ത്രീ ശരീരത്തിലേക്ക് കൗതുകത്തിന്റെ കാമക്കണ്ണികളെറിയുന്ന പുരുഷന്മാരും ഈ വീഡിയോ തീര്‍ച്ചയായും കണ്ടിരിക്കണം. മേലധികാരിയായിപ്പോയി എന്നൊരൊറ്റക്കാരണം കൊണ്ട് അയാളുടെ നോട്ടങ്ങളെ നിശ്ശബ്ദം സഹിക്കേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഹ്രസ്വചിത്രം പറഞ്ഞുവയ്ക്കുന്നത്.

മീനാക്ഷിയെന്ന സഹപ്രവര്‍ത്തകയ്ക്ക് മേലുദ്യോഗസ്ഥന്‍ നല്‍കിയ ചെല്ലപ്പേര് മഡോണയെന്നാണ്. മനപൂര്‍വം അവളെ മുന്നില്‍ക്കൊണ്ടു വരാനും നോട്ടം കൊണ്ടും സ്പര്‍ശംകൊണ്ടും അവളുടെ ശരീരത്തെ ആസ്വദിക്കാനും ഓഫീസിലുള്ള സമയമത്രയും അയാള്‍ വിനിയോഗിക്കും. മറ്റു സഹപ്രവര്‍ത്തകര്‍ക്ക് ഇതില്‍ അതൃപ്തിയുണ്ടെങ്കിലും മേലധികാരിയെ ഭയന്ന് അവര്‍ നിശ്ശബ്ദത പാലിക്കാറാണ് പതിവ്.

മേലധികാരിയുടെ പെരുമാറ്റം അതിരുവിട്ടൊരു ദിവസം അവള്‍ പ്രതികരിക്കുക തന്നെ ചെയ്തു. ഓഫീസ് ഫയലിന്റെ കാര്യമന്വേഷിച്ച് തന്നെ വിളിച്ചു വരുത്തിയ മേലധികാരി താന്‍ സംസാരിക്കുന്ന ഔദ്യോഗിക കാര്യങ്ങള്‍ ശ്രദ്ധിക്കാതെ തന്റെ മാറില്‍ത്തന്നെ തുറിച്ചുനോക്കുന്നതു കണ്ട് സഹികെട്ട് അവള്‍ അയാളോടു ചോദിക്കുന്നു. സാര്‍ എന്തിന്റെയെങ്കിലും ഭംഗി ആസ്വദിക്കുകയാണോയെന്ന്. എന്നിട്ടും അയാള്‍ക്ക് ചമ്മലില്ലെന്നു കണ്ട് അവള്‍ തുറന്നു ചോദിക്കുന്നു തന്റെ മാറിടത്തിന്റെ ഭംഗിയാണ് കഷ്ടപ്പെട്ട് ആസ്വദിക്കുന്നതെങ്കില്‍ അതു താന്‍ കാട്ടിത്തരാമെന്നു പറഞ്ഞ് അവള്‍ വസ്ത്രം അയാള്‍ക്കു മുന്നില്‍ അഴിക്കാനൊരുങ്ങുന്നു.

കാര്യങ്ങള്‍ തുറന്നു സംസാരിച്ചപ്പോള്‍ സാറിനു നാണം വരുന്നതുകണ്ടോയെന്ന് അവള്‍ സഹപ്രവര്‍ത്തകരോടു ചോദിക്കുന്നു. ചിലര്‍ അവളെ തടയാന്‍ ശ്രമിച്ചപ്പോള്‍ മറ്റു സ്ത്രീ സഹപ്രവര്‍ത്തകര്‍ അവരെ പിന്തിരിപ്പിച്ചു. സാര്‍ കാരണമാണ് എനിക്കു സ്ലീവ്‌ലെസ് വസ്ത്രങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നതെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് അവള്‍ തന്റെ സീറ്റിലേക്കു മടങ്ങിപ്പോകുന്നു. അശ്ലീലത സഹിക്കുകയല്ല മറിച്ച് അതിനെതിരെ പ്രതികരിക്കുകയാണു വേണ്ടതെന്ന് ഈ വിഡിയോ പറഞ്ഞു വയ്ക്കുന്നു.

SHARE