പുത്തന്‍ സവിശേഷതകളുമായി റോയല്‍ എന്‍ഫീല്‍ഡ്

കൊച്ചി: റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ 2017 മോഡല്‍ പുറത്തിറക്കി . ബിഎസ് നാല് നിര്‍മാണ നിലവാരം പ്രകാരം പുറത്തിറങ്ങുന്ന ബൈക്കുകള്‍ക്ക് ഓട്ടോമാറ്റിക്ക് ഹെഡ്ലാമ്പുകളും മലിനീകരണം കുറഞ്ഞ എന്‍ജിനുമുണ്ടാകും. കഴിഞ്ഞ വര്‍ഷം അവസാനം മിലാനില്‍ നടന്ന ടൂവീലര്‍ എക്സ്പൊയില്‍ കമ്പനി 2017 മോഡലുകളെ പ്രദര്‍ശിപ്പിച്ചിരുന്നു. കാര്യക്ഷമമായ ബ്രേക്കിങ്ങിനായി എബിഎസോടുകൂടിയ ഹിമാലയന്‍, ബുള്ളറ്റ് 500, ക്ലാസിക് 500, കോണ്ടിനെന്റല്‍ ജിടി തുടങ്ങിയ ബൈക്കുകളെയാണു റോയല്‍ എന്‍ഫീല്‍ഡ് പ്രദര്‍ശിപ്പിച്ചത്.

യുറോപ്യന്‍ മാര്‍ക്കറ്റിന് വേണ്ടി യൂറോ 4 സ്റ്റാന്‍ഡേര്‍ഡ് ബൈക്കുകളിലാണ് എബിഎസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ബിഎസ് 4 നിലവാരപ്രകാരം ഇന്ത്യയില്‍ പുറത്തിറക്കുന്ന ബൈക്കുകളില്‍ എബിഎസ് ഉപയോഗിക്കുന്നുണ്ടോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിലെ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പ്രകാരം അടുത്ത ഏപ്രില്‍ ഒന്നുമുതലാണ് ബിഎസ് 4 നടപ്പിലാക്കുക.

വില്‍പ്പനയുടെ കാര്യത്തില്‍ ചരിത്രം കുറിച്ച് മുന്നേറുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. 2016 ഡിസംബറിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള ബൈക്കുകളില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു ക്ലാസിക് 350.

SHARE