മാധ്യമ സ്വാതന്ത്ര്യത്തിന്റെ കഴുത്തുഞെരിക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: മാധ്യമ സ്വാതന്ത്ര്യത്തിന്റെ കഴുത്തുഞെരിക്കാനുള്ള ശ്രമങ്ങളെ അനുവദിക്കില്ലെന്ന് സുപ്രീംകോടതി. അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഇടപാടിന് അനുകൂലമായി വാര്‍ത്തകള്‍ നല്‍കാന്‍ ഇന്ത്യ മാധ്യമപ്രവര്‍ത്തകര്‍ പണം വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് പരമോന്നത കോടതിയുടെ സുപ്രധാന പരാമര്‍ശം. മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുക എന്ന ലക്ഷ്യത്തോടെയുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും ജസ്റ്റീസ് ദീപക് മിശ്രയുടെ ബെഞ്ച് വ്യക്തമാക്കി. മാധ്യമങ്ങളുടെ സത്യസന്ധതയും വസ്തുനിഷ്ഠതയും നാം അംഗീകരിക്കണം. മാധ്യമങ്ങളുടെ അവകാശങ്ങള്‍ വെട്ടിചുരുക്കാന്‍ കഴിയില്ല. ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായ പദവിയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഹരി ജയ്‌സിങ് ആണ് പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയിരുന്നത്. ഇന്ത്യന്‍ അധികൃതരെ മാനേജ് ചെയ്യാന്‍ ഹെലികോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്ത്യന്‍ മിഷേലിന് അഗസ്റ്റ് വെസ്റ്റ്‌ലാന്‍ഡും ഫിന്‍മെക്കാനിക്കയും 217 കോടി നല്‍കി. ഇന്ത്യന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഇതില്‍ നിന്നും 50 കോടി രൂപ മാറ്റിവെച്ചുവെന്നും ഹരി ജയ്‌സിങ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ പൊതുതാല്‍പ്പര്യ ഹര്‍ജി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം ആണെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.

വിവിഐപികളുടെ ഉപയോഗത്തിനായി 12 ഹെലികോപ്ടറുകള്‍ വാങ്ങാന്‍ 2010ല്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡുമായി മുന്‍ യുപിഎ സര്‍ക്കാരാണ് കരാറുണ്ടാക്കിയത്. കരാര്‍ തുകയുടെ 12 ശതമാനത്തോളം(423 കോടി രൂപ) കൈക്കൂലിയായി കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് കണ്ടെത്തിയതോടെ മുന്‍ സര്‍ക്കാര്‍ കരാര്‍ 2014 ജനുവരി ഒന്നിന് റദ്ദാക്കി. കരാര്‍ ഉറപ്പിക്കാന്‍ കൈക്കൂലി നല്‍കിയ കാര്യം ഇറ്റാലിയന്‍ അധികൃതരാണ് കണ്ടെത്തിയത്. കൈക്കൂലി നല്‍കിയതിന് ഫിന്‍മെക്കാനിക്കയുടെ ചെയര്‍മാനേയും അഗസ്റ്റ സിഇഒയേയും 2013ല്‍ ഇറ്റാലിയന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

SHARE