ബിഷപ് പങ്കെടുക്കുന്നുണ്ട്; സ്ലീവ് ലെസ് വസ്ത്രം ധരിക്കരുതെന്ന് സംവിധായകയോട് സംഘാടകര്‍

തിരുവനന്തപുരം: ബിഷപ്പ് പങ്കെടുക്കുന്ന പരിപാടിയില്‍ വനിതാ സംവിധായകയോട് കയ്യില്ലാത്ത വസ്ത്രം ധരിച്ച് വരരുതെന്ന് സംഘാടകര്‍ നിര്‍ദ്ദേശിച്ചതായി പരാതി. അന്താരാഷ്ട്ര വനിതാ ദിവത്തിലുണ്ടായ അനുഭവം സംവിധായിക തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
യാഥാസ്ഥിതികനായ ബിഷപ്പിന് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് പറഞ്ഞാണ് സംഘാടകര്‍ സിനിമാപ്രവര്‍ത്തകയായ ശ്രുതി നമ്ബൂതിരിയുടെ വസ്ത്രധാരണത്തിന് പരിധി നിശ്ചയിച്ചത്.
ഒരു ചാരിറ്റി ഗ്രൂപ്പ് അവരുടെ വിമണ്‍സ് ഡേ പരിപാടിയുടെ അതിഥിയായി പങ്കെടുക്കാനാണ് ശ്രുതി നമ്ബൂതിരിയെ ക്ഷണിച്ചത്. നോട്ടീസ് പ്രിന്റ് ചെയ്യാനായി ഒരു ഹൈറെസലൂഷന്‍ ഫോട്ടോയും ആവശ്യപ്പെട്ടുവെന്ന് ശ്രുതി നമ്ബൂതിരി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പെട്ടന്ന് ഫോട്ടോ വേണം എന്ന് ആവശ്യപ്പെട്ടത് കൊണ്ട് ശ്രുതിയുടെ ഫോണില്‍ ഉണ്ടായിരുന്നു ഒരു ഹൈറെസലൂഷന്‍ ഫോട്ടോ ആണ് ഇ മെയില്‍ ചെയ്ത് നല്‍കിയത്. സ്ലീവ് ലെസ് ടോപ്പ് ഇട്ട് നില്‍ക്കുന്ന ഫോട്ടോ ആയിരുന്നു അത്. ശ്രുതി നമ്ബൂതിരിയുടെ മുഖം ടൈറ്റ് ക്രോപ്പ് ചെയ്ത നിലയില്‍ ഉപയോഗിച്ച പോസ്റ്ററിന് ഒപ്പം സംഘാടകയുടെ ഒരു മെസേജും വന്നു.
പരിപാടിയില്‍ ബിഷപ്പ് പങ്കെടുക്കുന്നുണ്ടെന്നും അതിനാല്‍ സ്ലീവ് ലെസ് വസ്ത്രം ഇട്ട് പരിപാടിയ്ക്ക് എത്തരുതെന്നും ആയിരുന്നു മെസേജില്‍ ഉണ്ടായിരുന്നു. യാഥാസ്ഥിതികനായ ബിഷപ്പിന് അത് ഇഷ്ടപ്പെട്ടേയ്ക്കില്ലെന്ന കാരണമാണ് സംഘാടക ചൂണ്ടി കാട്ടിയത്. വനിതാദിനത്തില്‍ പോലും സ്ത്രീകളുടെ വസ്ത്രധാരണത്തിന് പരിധി നിശ്ചയിക്കുന്ന നിങ്ങള്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നായിരുന്നു ശ്രുതി നല്‍കിയ മറുപടി.

SHARE