ഡിജിറ്റല്‍ പണമിടപാട് :ആധാര്‍ പേ നിലവില്‍ വന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് നടത്തുന്നതിന് ആധാര്‍ അധിഷ്ടിത പേയ്‌മെന്റ് സംവധാനമായ ആധാര്‍ പേ നിലവില്‍ വന്നു. ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ മുഖേന നടത്തുന്ന പണമിടപാടുകള്‍ ആധാര്‍ പേ സംവിധാനം വഴി ബയോമെട്രിക് സ്‌കാനിങ്ങിലൂടെ സാധ്യമാകും. വിരലടയാളമോ, കണ്ണോ സ്‌കാന്‍ ചെയ്താല്‍ പണമിടപാട് നടത്തുന്ന വിധമാണ് ആധാര്‍ പേയ്‌മെന്റ് സംവിധാനം പ്രവര്‍ത്തിക്കുന്നത്.
ആധാര്‍ പേ എന്നപേരിലുള്ള ആന്‍ഡ്രോയിഡ് ആപ്പ് മുഖേനെയാണ് പണമിടപാട് സാധ്യമാകുന്നത്. ആധാര്‍ അധിഷ്ടിത സംവിധാനം ഉപയോഗിക്കുന്നതുകൊണ്ട് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്ന സര്‍വീസ് ചാര്‍ജുകള്‍ നല്‍കേണ്ടി വരില്ല. സാധനങ്ങളോ സേവനങ്ങളോ വാങ്ങുന്നവര്‍ കച്ചവടക്കാരുടെ കൈവശമുള്ള ആപ്പില്‍ തങ്ങളുടെ ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്യുക. ശേഷം ബയോമെട്രിക് സംവിധാനത്തില്‍ വിരല്‍ സ്‌കാന്‍ ചെയ്യുക. ഇത്രയുമാകുമ്പോഴേക്കും പണമിടപാട് നടന്നിരിക്കും.
20172018 സാമ്പത്തിക വര്‍ഷത്തില്‍ 2500 കോടിയോളം ഡിജിറ്റല്‍ പണമിടപാട് നടത്തിക്കുക എന്ന ലക്ഷ്യവുമായാണ് പുതിയ ആപ്പ് അവതരിപ്പിച്ചത്. 2016ല്‍ രാജ്യത്ത് ആകെ നല്‍കിയിരിക്കുന്നത് 100 കോടിയോളം ആധാര്‍ കാര്‍ഡുകളാണ്. എന്നാല്‍ 40 കോടി ആധാര്‍ കാര്‍ഡുകള്‍ മാത്രമാണ് ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുള്ളത്. ബാക്കിയുള്ളവ മാര്‍ച്ച് അവസാനത്തോടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
എന്നാല്‍ ഇന്റര്‍നെറ്റ് സൗകര്യം ഉണ്ടെങ്കില്‍ മാത്രമേ ആധാര്‍ പേ ആപ്പ് പ്രവര്‍ത്തിക്കു. മാത്രമല്ല പണം മറ്റൊരു അക്കൗണ്ടിലേക്ക് നല്‍കാന്‍ ഈ ആപ്പുപയോഗിച്ച് സാധിക്കുകയുമില്ല. പിഒഎസ് മെഷിനുകള്‍ പോലെ ടെലിഫോണ്‍ ലൈനുപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാണെങ്കില്‍ ഇത് കൂടുതല്‍ പ്രയോജനകരമായേനെ എന്നാണ് വിലയിരുത്തല്‍.

SHARE