മോഹന്‍ലാലിന് അവാര്‍ഡ് നല്‍കാന്‍ ഉന്നത സമ്മര്‍ദ്ദം ഉണ്ടായിട്ടും വിനായകന് അവാര്‍ഡ് കിട്ടിയതിന് പിന്നില്‍?

തിരുവനന്തപൂരം: ബജറ്റ് വിവാദം തലക്ക് പിടിച്ചിരിക്കുന്ന സമയത്താണ് സിനിമാ അവാര്‍ഡും പ്രഖ്യാപിച്ചത്. എല്ലായിപ്പോഴും വിവാദങ്ങള്‍ കടന്നു വന്ന സംസ്ഥാന സിനിമാ അവാര്‍ഡില്‍ ഇത്തവണയെങ്കിലും വിവാദം കടക്കരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടായിരുന്നു. പുതുമുഖങ്ങള്‍ അന്തിമ പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ സൂപ്പര്‍ താരങ്ങളെക്കൂടി അവാര്‍ഡിനായി പരിഗണിക്കണമെന്ന് ഉന്നതങ്ങളില്‍ ചര്‍ച്ച നടന്നു. എന്നാല്‍ മറ്റൊരു വിവാദത്തിലേക്ക് പോകാന്‍ സര്‍ക്കാരിന് താത്പര്യമില്ലാത്തതിനാല്‍ ജ്യൂറിയുടെ തീരുമാനം അന്തിമമായി.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഒപ്പം, പുലിമുരുകന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മോഹന്‍ലാലിനെയും പുരസ്‌കാരത്തിനു പരിഗണിച്ചിരുന്നു. ഒപ്പത്തിലെ അന്ധന്റെ വേഷം തന്മയത്വത്തോടെ അവതരിപ്പിച്ച മോഹന്‍ലാലിന് പുരസ്‌കാരം നല്‍കണമെന്നു ജൂറിയിലെ ചിലര്‍ ആദ്യ റൗണ്ടില്‍ തന്നെ ആവശ്യപ്പെട്ടു. എന്നാല്‍, അവസാന റൗണ്ടില്‍ മോഹന്‍ലാലിനൊപ്പം കമ്മട്ടിപ്പാടത്തിലെ അഭിനയത്തിനു വിനായകനും മണികണ്ഠനും ഒറ്റയാള്‍പാതയിലെ വേറിട്ട പ്രകടനത്തിനു കലാധരനും പരിഗണിക്കപ്പെട്ടതോടെ മത്സരം മുറുകി.

ആദ്യഘട്ടചര്‍ച്ചയ്ക്കുശേഷം മോഹന്‍ലാല്‍ സജീവമായി നിന്നു. മറ്റു മൂവരെയും ഒരുകാരണവശാലും ഒഴിവാക്കാന്‍ പറ്റില്ലെന്ന ഏകകണ്ഠമായ തീരുമാനത്തിനൊടുവില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ പ്രതീകമായി വെള്ളിത്തിരയിലെത്തിയ വിനായകന്‍ മികച്ച നടനായി. മറ്റു രണ്ടു പേരെയും ജൂറി അര്‍ഹമായ രീതിയില്‍ പരിഗണിക്കുകയും ചെയ്തു. മോഹന്‍ലാലിന് മുമ്പ് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നാല്‍ പ്രത്യേക അവാര്‍ഡ് നല്‍കിയാല്‍ അത് തന്നെ വിവാദമാകും. അതിനാല്‍ മോഹന്‍ലാലിന്റെ പേര് പിന്നീട് വന്നില്ല. വിനായകന്‍ വര്‍ഷങ്ങളുടെ അഭിനയപരിചയമുള്ള നടന്‍മാര്‍ക്കൊപ്പമെത്തുന്ന പ്രകടനമാണു കാഴ്ചവച്ചതെന്നു ജൂറി വിലയിരുത്തി.

SHARE