ലക്‌നൗ ഏറ്റുമുട്ടല്‍; ഭീകരര്‍ക്ക് ഐഎസ് ബന്ധം ? ഭീകരനെ ജീവനോടെ പിടികൂടാന്‍ ശ്രമം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ താക്കൂര്‍ഗഞ്ചില്‍ വീടിനുള്ളില്‍ ഒളിഞ്ഞിരുന്ന് ആക്രമണം നടത്തുന്ന ഭീകരര്‍ക്ക് ഇസ്‌ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് മേധാവി ദല്‍ജിത് ചൗധരി. ഒരു ഭീകരനാണ് ആക്രമണം നടത്തുന്നതെന്നാണ് കരുതിയിരുന്നതെങ്കിലും രണ്ടുപേരുണ്ടെന്നാണ് ഇപ്പോഴത്തെ നിഗമനം. അതേസമയം, ഇവരെ കീഴ്‌പ്പെടുത്താന്‍ സകല അടവും പയറ്റുകയാണ് ഭീകരവിരുദ്ധ സേന (എടിഎസ്). ഏറ്റുമുട്ടല്‍ തുടങ്ങി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കീഴടങ്ങാന്‍ ഭീകരര്‍ തയാറായിട്ടില്ല. മുളക് ബോംബ് പ്രയോഗിക്കുകയും പുക കടത്തിവിടുകയും ചെയ്‌തെങ്കിലും അവരെ പിടികൂടാനായിട്ടില്ല. സംസ്ഥാനത്തിനുള്ളിലേക്ക് ഭീകരര്‍ കടന്നിട്ടുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് പൊലീസ് തിരച്ചില്‍ നടത്തിയത്.
ഭീകരരില്‍ ഒരാളെ കാണ്‍പൂരില്‍നിന്ന് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. അടുത്തയാള്‍ക്കു വേണ്ടി നടത്തിയ തിരച്ചിലിനിടെയാണ് പൊലീസുകാര്‍ക്കെതിരെ വെടിവയ്പ്പുണ്ടായത്. കമാന്‍ഡോകളടക്കം രംഗത്തിറങ്ങി ഏറ്റുമുട്ടല്‍ നടത്തുകയാണ് പൊലീസും എടിഎസും. ഭീകരരെ ജീവനോടെ പിടികൂടുന്നതിനാണ് ശ്രമം. കീഴടങ്ങാന്‍ ഭീകരരോട് ആവശ്യപ്പെട്ടെങ്കിലും അതിനു തയാറല്ലെന്നും രക്തസാക്ഷിത്വമാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞതായാണ് വിവരം.

SHARE