കരണ്‍ ജോഹര്‍ ഇനി ഇരട്ടക്കുട്ടികളുടെ അച്ഛന്‍ !

ന്യൂഡല്‍ഹി: ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ ഇരട്ടക്കുട്ടികളുടെ അച്ഛനായി. ഗര്‍ഭപാത്രം വാടകയ്‌ക്കെടുത്താണ് കരണ്‍ ഒരു പെണ്‍കുട്ടിയുടേയും ആണ്‍കുട്ടിയുടേയും അച്ഛനായത്. പെണ്‍കുഞ്ഞിന് റൂഹി എന്നും ആണ്‍കുഞ്ഞിന് യാഷ് എന്നുംപേരിട്ടു. തന്റെ പിതാവ് യാഷ് ജോഹറിന്റെ ഓര്‍മയ്ക്കായാണ് മകന് യാഷ് എന്ന് പേര് നല്‍കിയത്.

തനിക്ക് വേണ്ടി ഗര്‍ഭം ധരിക്കാന്‍ തയ്യാറായ സ്ത്രീയോട് അങ്ങേയറ്റം നന്ദിയും കടപ്പാടും ഉണ്ടെന്നും തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹമാണ് അവര്‍ സാധിച്ചു തന്നതെന്നും കരണ്‍ പറഞ്ഞു. ഈ തീരുമാനത്തില്‍ എത്താന്‍ താന്‍ മാനസികമായും ശാരീരികമായും യുക്തിപരമായും ഏറെ തയ്യാറെടുത്തിരുന്നു. കുഞ്ഞുങ്ങള്‍ക്ക് ഉപാധികളില്ലാത്ത സ്‌നേഹം നല്‍കുമെന്നും പിതാവിന്റെ എല്ലാ ചുമതലകളും നിറവേറ്റുമെന്നും കരണ്‍ പറഞ്ഞു. ‘ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയ്’ എന്ന തന്റെ ആത്മകഥയിലൂടെയാണ് കുഞ്ഞുങ്ങളെ ദത്തെടുക്കാനോ വാടക അച്ഛനാവാനോ താല്‍പര്യമുണ്ടെന്ന് വെളിപ്പെടുത്തിയത്.

ബോളിവുഡ് നടന്‍ തുഷാര്‍ കപൂറും കഴിഞ്ഞ വര്‍ഷം ഐ.വി.എഫ് ചികിത്സയിലൂടെയും വാടക അച്ഛനായിരുന്നു. ഷാരൂഖിന്റെ മൂന്നാമത്തെ മകനായ അബ്‌റാം 2013ല്‍ വാടക ഗര്‍ഭധാരണത്തിലൂടെയാണ് പിറന്നത്. ആമിര്‍ ഖാനും കിരണ്‍ റാവുവിനും കുഞ്ഞ് ജനിച്ചതും ഇത്തരത്തിലായിരുന്നു.

SHARE