ഈ നോമ്പുകാലം ഇങ്ങനെ ചെലവഴിക്കാനാണ് നമ്മുടെ വിധി; പള്ളിമേടയിലെ പീഡനത്തില്‍ മാപ്പപേക്ഷിച്ച് ബിഷപിന്റെ കത്ത്

കൊട്ടിയൂര്‍: പേരാവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വൈദികന്റെ പീഡനത്തിനിരയായി പ്രസവിക്കാനിടയായ സംഭവത്തില്‍ കുടുംബത്തോടും പൊതുസമൂഹത്തോടും മാപ്പപേക്ഷിച്ച് മാനന്തവാടി ബിഷപ്പ് ജോസ് പൊരുന്നേടം. സംഭവത്തിനു പിന്നാലെ വൈദികനെ മാറ്റിക്കൊണ്ട് ഫെബ്രുവരി 28ന് ബിഷപ്പ് ഇടവകയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിങ്ങളുടെ വേദന ഞാന്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നു. അത് എന്റെയും ദു:ഖമാണ്. ഈ നോമ്പുകാലം ഇങ്ങനെ ചെലവഴിക്കാനാണ് നമ്മുടെ വിധിയെന്നും കത്തില്‍ പറയുന്നു. ഇടവകയ്ക്കുണ്ടായ ആത്മാഭിമാനക്ഷതവും ആധ്യാത്മിക നഷ്ടവും വളരെ വലുതാണ്. കുട്ടിയുടെ മാതാപിതാക്കളെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് തനിക്കറിയില്ല. ആ കണ്ണീരിനോട് ഞാന്‍ എന്റെ കണ്ണീരും ചേര്‍ക്കുന്നു. ഒരിക്കലും നികത്താന്‍പറ്റാത്ത നഷ്ടത്തിലും വിശ്വാസജീവിതത്തില്‍ അടിയുറച്ച് നില്‍ക്കുന്ന നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. കഠിനമായ ഈ പ്രതിസന്ധി അതിജീവിക്കാന്‍ നിങ്ങള്‍ക്ക് ശക്തി ലഭിക്കട്ടെ’. കത്തില്‍ ബിഷപ്പ് വ്യക്തമാക്കി. അജഗണം സൂക്ഷിപ്പുകാരന്റെ തന്നെ അതിക്രമത്തിന് ഇരയായത് ഉള്‍ക്കൊള്ളാനാകില്ലെന്നും കൊട്ടിയൂര്‍ ഇടവകയ്ക്ക് അയച്ച കത്തില്‍ മാനന്തവാടി ബിഷപ്പ് പറഞ്ഞു. നിങ്ങളോട് എനിക്ക് മാപ്പ് പറയാന്‍ മാത്രമേ സാധിക്കുകയുള്ളൂ എന്നും പറഞ്ഞാണ് ബിഷ്പ്പ് കത്ത് അവസാനിപ്പിക്കുന്നത്.
കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐജെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരി (48)യാണ് അറസ്റ്റിലായത്. വൈദികന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ രണ്ടാഴ്ചത്തേക്ക് തലശേരി സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

SHARE