ബജറ്റ് ചോര്‍ന്നെന്ന് ആരോപണം; പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ധനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ബജറ്റ് ചോര്‍ന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ആളാണ്. മന്ത്രിതന്നെയാണ് ബജറ്റ് ചോര്‍ത്തിയിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. തുടര്‍ന്ന് പ്രതിഷേധ സൂചനകമായി അംഗങ്ങള്‍ സഭ വിട്ടു പുറത്തുപോവുകയായിരുന്നു. കേരള കോണ്‍ഗ്രസ്എം അംഗങ്ങളും ബജറ്റ് ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് സഭ വിട്ടു.

ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണത്തിനിടെയാണ് പി.സി വിഷ്ണുനാഥും ഹൈബി ഈഡന്‍ എംഎല്‍എയും അടക്കമുളളവര്‍ ബഹളവുമായി എഴുന്നേറ്റത്. എന്താണ് ബഹളത്തിന് കാരണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ വായിക്കുന്നതിന് മുന്നോടിയായിട്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുവെന്നും മാധ്യമങ്ങളില്‍ വരുന്നുവെന്നുമാണ് ചെന്നിത്തല ഇതിനെക്കുറിച്ച് വിശദമാക്കിയത്.

പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിക്കാട്ടിയ ബജറ്റിന്റെ പ്രസക്തഭാഗങ്ങളുടെ പകര്‍പ്പ്‌

ഇങ്ങനെയാണെങ്കില്‍ താന്‍ ബജറ്റ് വായിച്ചാല്‍ പോരെയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തുടര്‍ന്ന് സഭ ബഹളത്തില്‍ മുഴുകി. ചെയര്‍ സോഷ്യല്‍മീഡിയ ശ്രദ്ധിക്കുന്നില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിട്ടും സഭ ബഹളത്തിലാണ്ടു. മുഖ്യമന്ത്രി വിശദീകരണവുമായി എഴുന്നേറ്റെങ്കിലും മറുപടിയില്‍ പ്രതിപക്ഷം തൃപ്തരായില്ല. ബജറ്റ് ധനമന്ത്രി പുറത്തുവിട്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ സത്യമാണെന്നും ബജറ്റ് ചോര്‍ന്നുവെന്ന ആരോപണം പരിശോധിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.

SHARE