സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ പുച്ഛിച്ച രഞ്ജിത്തിന് ചുട്ടമറുപടിയുമായി സാംസ്‌കാരിക ലോകം

സിനിമയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ പുച്ഛിച്ച് രംഗത്തെത്തിയ സംവിധായകന്‍ രഞ്ജിത്തിനെതിരെ സാംസ്‌കാരിക ലോകം. ഇന്ന് മാതൃഭൂമിയില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന കോളത്തില്‍ കള്ളുകുടി നിര്‍ത്തിയത് നന്നായി ഇല്ലെങ്കില്‍ ഞാന്‍ നിന്നെ ബലാത്സംഗം ചെയ്‌തേനെ’ എന്ന സ്പിരിറ്റിലെ സംഭാഷണത്തെ ‘ ഈ നിമിഷം ഭവതിയോട് തോന്നിയ ശാരീരികാകര്‍ഷണത്തിന്റെ പേരില്‍ ഞാന്‍ ഖേദിക്കുന്നു, എന്നോട് പൊറുക്കണം എന്ന് അപേക്ഷിക്കുന്നു’ എന്ന് തിരുത്തിയെഴുതുന്നുവെന്ന രഞ്ജിത്തിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് സിനിമാ മേഖലയില്‍ നിന്നുള്‍പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഇത്രയുംകാലം കച്ചവടത്തിന്റെ പേരും പറഞ്ഞ് നിരൂപകര്‍ക്കുമേല്‍ കുതിരകയറിയിരുന്ന പുരുഷകേസരികള്‍ക്ക് പൊള്ളിത്തുടങ്ങിയിരിക്കുന്നു.

പ്രതാപ് ജോസഫ്

വീണുകിടക്കുന്നവര്‍ക്ക് ഒരു കൈ സഹായം നല്‍കാനായില്ലെങ്കിലും ഒരു ചവിട്ടുകൊടുക്കാതിരിക്കാമല്ലോ. എല്ലാത്തിനും കാലം മറുപടി പറയാതിരിക്കില്ല. കേള്‍ക്കാന്‍ ഒരു പക്ഷേ നമ്മളാരും ഇല്ലെങ്കില്‍ കൂടിയും
ശ്രീബാല കെ മേനോന്‍

തിരുത്തല്‍ എന്നത് ഒരു പാട് ആഴമുള്ള വാക്കാണ് രഞ്ജിത്ത്. എന്‍.എസ്.മാധവന്‍ തിരുത്തില്‍ ഒരൊറ്റ വാക്കാണ് തിരുത്തിയത്. ആ തിരുത്ത് ചരിത്രത്തിലെ ഒരു പാട് തെറ്റുകളുടെ തിരുത്തായിരുന്നു. അതിന് കഴിയണമെങ്കില്‍ തെറ്റ് എന്താണ് എന്ന ബോധ്യം ഉണ്ടാവണം. വാക്കുകള്‍ ചരിത്രത്തെയും കാഴ്ചപ്പാടുകളേയും രാഷ്ട്രീയത്തേയും നിര്‍മിക്കുന്നതെങ്ങനെയാണ് എന്ന് തിരിച്ചറിയാന്‍ പറ്റണം. പെണ്ണിനു മേല്‍ വാക്ക് കൊണ്ടും നോക്കു കൊണ്ടും ദൃശ്യങ്ങള്‍ കൊണ്ടും സ്ഥാപിച്ചെടുത്തിട്ടുള്ള അധികാരത്തില്‍ നിന്ന് പുറത്തു വരാന്‍ സ്വയം കഴിയണം. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ തിരുത്തുക എന്ന് പറഞ്ഞാല്‍ ശരിയും നന്മയും മാത്രമുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കുക എന്നല്ല അര്‍ത്ഥം എന്ന മിനിമം ധാരണയെങ്കിലും വേണം.

മനില സി മോഹന്‍

ആ ഡയഗോലുകളൊന്നും കഥാപാത്രങ്ങളുടേതല്ലെന്നും സംവിധായകരുടെ ഉള്ളില്‍ ഉറഞ്ഞുകിടക്കുന്ന മാടമ്പിത്തരത്തിന്റേയാണെന്നും മനസിലാക്കാന്‍ ഈ ഒരൊറ്റ വരി മതി.”ലേഖനകര്‍ത്താവിന്റെ ഭാര്യാപിതാവ് അന്തരിച്ചുപോയ…” തനിക്കിഷ്ടമില്ലാത്തത് പറഞ്ഞാല്‍ തന്തക്ക് (പറ്റിയില്ലെങ്കില്‍ ഭാര്യാപിതാവിനെയെങ്കിലും) വിളിക്കുമെന്നുള്ള ഒരുതരം ചൊറിച്ചിലുണ്ടല്ലോ അതില്‍ നിന്നാണ് ഇത്തരം ഡയലോഗുകളും പിറക്കുന്നത്. താരങ്ങള്‍ തിരുത്തിയാല്‍ മാത്രം കാര്യമില്ല തിരുത്തേണ്ടത് സംവിധായകരും രചയിതാക്കളും തന്നെയാണ്. പക്ഷേ നിരൂപകരെ തന്തക്ക് വിളിക്കുമെങ്കിലും താരങ്ങള്‍ വരച്ച വരയ്ക്കപ്പുറം പോകാന്‍ ഇത്തിരി പുളിക്കും ഈ വീമ്പുകാര്‍ക്ക്. അതുകൊണ്ട് താരങ്ങള്‍ തിരുത്തിയാലും മതി. സംഗതി കൊള്ളേണ്ടിടത്ത് കൊള്ളുന്നുണ്ട്.

SHARE