കേരളത്തില്‍നിന്ന് ഐഎസില്‍ ചേര്‍ന്ന കാസര്‍കോട് സ്വദേശി അഫ്ഗാനില്‍ കൊല്ലപ്പെട്ടതായി സൂചന

കാസര്‍കോട്: കേരളത്തില്‍നിന്ന് പലായനം ചെയ്ത് ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്ന കാസര്‍കോട് പടന്ന സ്വദേശി ഹഫീസ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി സന്ദേശം. ടെലഗ്രാം വഴി പടന്നയിലുള്ള ഒരാള്‍ക്ക് ലഭിച്ച സന്ദേശത്തിലാണ് ഈ വിവരം. ഇന്നലെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.

ടെലഗ്രാം ആപ്പ് വഴി സന്ദേശമെത്തിയത് അഫ്ഗാനിസ്ഥാനില്‍ നിന്നാണെന്നാണ് സൂചന. ഹഫീസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് സന്ദേശത്തില്‍ പറയുന്നു. പടന്ന സ്വദേശിയായ പൊതുപ്രവര്‍ത്തകനാണ് സന്ദേശം ലഭിച്ചത്. ‘ഹഫീസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹഫീസിനെ ഞങ്ങള്‍ രക്തസാക്ഷിയായാണ് കാണുന്നത്. ഞങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നു,’ എന്നാണ് സന്ദേശം.

പടന്നയില്‍ നിന്ന് 11 പേരെയാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. ഇവര്‍ അഫ്ഗാനിലേക്കും സിറിയയിലേക്കും പോയെന്നായിരുന്നു നിഗമനം. കാണാതായ മലയാളി സംഘത്തിന്റെ തലവനാണ് ഹഫീസ്. കാണാതായവര്‍ക്കെതിരെ ഐഎസ് ബന്ധം ആരോപിക്കപ്പെട്ടിരുന്നു.

SHARE